Uncategorized

‘ഭാരതാംബ’യുള്ള പരിപാടിയിൽ പങ്കെടുത്ത ചിത്രം പുറത്തുവിട്ടു, രജിസ്ട്രാറെ വെട്ടിലാക്കി എബിവിപി; അന്നില്ലാത്ത എന്ത് വർഗീയതയാണ് ഇന്നെന്നും ചോദ്യം

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തില്‍ ഗവർണർ പങ്കെടുത്ത പരിപാടി റദ്ദാക്കിയതിൽ സസ്പെൻഷൻ ലഭിച്ച കേരള സര്‍വകലാശാല രജിസ്ട്രാറെ വെട്ടിലാക്കി എ ബി വി പി. സർവകലാശാല രജിസ്ട്രാർ അനിൽ കുമാർ ഭാരതാംബ ചിത്രമുള്ള പരിപാടിയിൽ പങ്കെടുത്തതിന്‍റെ ചിത്രമടക്കം പുറത്തുവിട്ടാണ് എ ബി വി പി രംഗത്തെത്തിയത്. അനിൽ കുമാർ പ്രിൻസിപ്പളായിരുന്നപ്പോൾ ശ്രീ അയ്യപ്പ കോളേജിൽ ഭരതാംബ ചിത്രത്തിന് മുന്നിലെ പരിപാടിയിൽ പങ്കെടുത്ത ചിത്രമാണ് എ ബി വി പി പുറത്ത് വിട്ടത്. അന്നില്ലാത്ത എന്ത് വർഗീയതയാണ് ഇന്നെന്നും എ ബി വി പി ചോദിച്ചു.

ഇപ്പോൾ രജിസ്ട്രാർ സി പി എമ്മിന്റെ ചട്ടുകമായെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ എ ബി വി പി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് അഭിപ്രായപ്പെട്ടു. 2020 ൽ അനിൽകുമാർ പ്രിൻസിപ്പൽ ആയിരിക്കെ ധ്വനി കലാലയ യൂണിയൻ നടത്തിയ പരിപാടികളിൽ ഭാരതാംബയുടെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. അന്ന് പരിപാടിയുടെ ഉദ്ഘാടകൻ ആയിരുന്നു ഡോ. കെ എസ് അനിൽകുമാറെന്നും എ ബി വി പി സംസ്ഥാന സെക്രട്ടറി വിവരിച്ചു. ഗവർണർ പങ്കെടുക്കുന്ന, പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്ന പരിപാടിയിൽ തടസ്സം സൃഷ്ടിച്ച് ചാൻസിലറായ ഗവർണറോട് അനാദരവ് കാണിക്കുകയാണ് രജിസ്ട്രാർ ചെയ്തതെന്നും എ ബി വി പി വിമർശിച്ചു. യഥാർത്ഥത്തിൽ രജിസ്ട്രാറുടെ പ്രശ്നം ഭാരതാംബയല്ലെന്നും സി പി എമ്മിനോടുള്ള വിധേയത്വവും കൂറും ആണെന്നും എ ബി വി പി സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനത്തിന് പ്രതിഫലമെന്നോണം ഇടതുപക്ഷത്തിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button