മോദി ഗവൺമെൻ്റ് കേരളത്തോട് പകപോക്കലിന് ശ്രമിക്കുന്നു; പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിന് മാത്രം സഹായമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ ദുരന്തമാണ് കേരളത്തിലുണ്ടായതെന്നും എന്നാൽ കേന്ദ്രം കേരളത്തെ സഹായിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ദുരന്തവ്യാപ്തി കുറവായ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുന്നവെന്നും കേരളം ഇന്ത്യയിലല്ലന്ന സ്ഥിതിയുണ്ടാക്കുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കുന്ന കേന്ദ്രസർക്കാരിനൊപ്പമാണ് ബിജെപിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.
മോദി ഗവൺമെൻ്റ് പ്രത്യേക പകപോക്കലിന് ശ്രമിക്കുന്നു. ബിജെപിക്ക് ഇവിടെ വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്ന് കരുതി ഇനങ്ങളെ ശിക്ഷിക്കാൻ രാജ്യത്തിൻ്റെ അധികാരം ഉപയോഗിക്കുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
നരേന്ദ്രമോദി സർക്കാർ പത്ത് വർഷമായി കേരളത്തെ ശിക്ഷിക്കുന്നു. കേരളത്തെ ശിക്ഷിക്കാനായി ബിജെപി കേന്ദ്രത്തെ ഉപയോഗിക്കുന്നുവെന്നും ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കോൺഗ്രസിന്റെ ഇക്കാര്യത്തിലുളള സമീപനം എന്താണെന്നും ഇത്തരം കാര്യങ്ങളിൽ കോൺഗ്രസ് കേരളത്തിന് ഒപ്പം നിൽക്കേണ്ടതല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. നാടിന്റെ താൽപര്യത്തിനൊപ്പം നിൽക്കാൻ നമുക്കാകണം.നാടിൻ്റെ പ്രശ്നങ്ങൾ ഒന്നിച്ച് ഉയർത്താൻ കോൺഗ്രസ് തയ്യാറുണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു.
കേരളം കണക്ക് നൽകിയില്ലെന്ന വാദം തെറ്റെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രം ഒളിച്ചോടുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 583 പേജുള്ള വിശദമായ റിപ്പോർട്ട് കേരളം സമർപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി ബിജെപി നേതാവ് വി മുരളീധരൻ രംഗത്തെത്തിയിരുന്നു. ദുരന്ത നിവാരണത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്നായിരുന്നു മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ്റെ പ്രതികരണം. അതേക്കുറിച്ചുള്ള അടിസ്ഥാന ധാരണ ഇല്ലാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വി മുരളീധരൻ പറഞ്ഞിരുന്നു. എത്ര തുക വേണ്ടി വരും എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരമില്ല. റവന്യൂ വകുപ്പിൻ്റെ കയ്യിൽ പോലും കണക്കില്ലെന്നും വി മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു.