ഗാസയിൽ ഭക്ഷണം വാങ്ങാനെത്തുന്നവർക്ക് നേരെ വെടിവെയ്ക്കാൻ ഇസ്രയേൽ സൈന്യം നിർദേശം നൽകിയെന്ന് റിപ്പോർട്ട്; ഭക്ഷണം തേടുന്നത് വധശിക്ഷയാവരുതെന്ന് യുഎൻ

ഗാസ: ഗാസയിൽ ഭക്ഷണം വാങ്ങാനെത്തുന്ന നിരായുധരായ സാധാരണക്കാർക്ക് നേരെ ബോധപൂർവം വെടിവെയ്ക്കാൻ ഇസ്രയേലി കമാണ്ടർമാർ സൈനികർക്ക് നിർദേശം നൽകിയതായി റിപ്പോർട്ട്. ഇസ്രയേലി ദിനപ്പത്രമായ ഹാരെറ്റ്സാണ് സൈനികരിൽ നിന്നു തന്നെ ലഭിച്ച റിപ്പോർട്ടുകൾ ആധാരമാക്കി ഈ വിവരം പുറത്തുവിട്ടത്. ഗാസയിൽ നിയോഗിക്കപ്പെട്ട ഇസ്രയേലി സൈന്യത്തിലെ ചില ഉദ്യോഗസ്ഥർ നടത്തിയ ഇത്തരം ഹീനകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ അധികൃതർ ഉത്തരവിട്ടിരിക്കുകയാണെന്നും ഹാരെറ്റ്സ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദീകരിക്കുന്നു.
ഇസ്രയേലിന്റെയും അമേരിക്കയുടെയും കീഴിൽ ഗാസയിൽ പ്രവർത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) എന്ന സംഘടന നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങളിലാണ് ഇസ്രയേൽ സൈന്യം പലതവണ ആക്രമണം നടത്തിയത്. ഇവിടങ്ങളിൽ ഇതുവരെ 549 പലസ്തീനികൾ മരണപ്പെടുകയും 4,066 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഇക്കഴിഞ്ഞ മേയ് മാസത്തിൽ പ്രവർത്തനം തുടങ്ങിയതു മുതൽ തന്നെ ഉയർന്നുവരികയും ചെയ്തിട്ടുണ്ട്.
പേര് വെളിപ്പെടുത്താത്ത സൈനികരെ ഉദ്ധരിച്ചാണ് ഹാരെറ്റ്സിലെ റിപ്പോർട്ട്. ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും വാങ്ങാൻ എത്തുന്ന നിരായുധരായ പലസ്തീനികൾക്ക് നേരെ വെടിവെയ്ക്കാനും, യാതൊരു ഭീഷണിയും ഉയർത്താത്ത ആളുകൾക്ക് നേരെ അനാവശ്യ ബലപ്രയോഗം നടത്താനും മുതിർന്ന ഉദ്യോഗസ്ഥർ നിർദേശിച്ചതായി സൈനികർ പറയുന്നു. “ഞങ്ങൾ ടാങ്കുകളിൽ നിന്ന് മെഷീൻ ഗണ്ണുകൾ ഉപയോഗിച്ച് വെടിയുർത്തു, ആളുകൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞു” – ഒരു പട്ടാളക്കാരൻ പറഞ്ഞു. നിരായുധരായ സാധാരണക്കാരെ കൊലപ്പെടുത്തിയ ഒന്നിലേറെ സന്ദർങ്ങൾ പട്ടാളക്കാർ വെളിപ്പെടുത്തുന്നത് റിപ്പോർട്ടിലുണ്ട്. എല്ലാം ദിവസും ഒന്ന് മുതൽ അഞ്ച് വരെ ആളുകളെ കൊന്നിട്ടുണ്ടെന്ന് ഒരു സൈനികൻ പറയുന്നതും ഇതിലുണ്ട്.




