Uncategorized

ഗർഭനിരോധന മാർ​ഗം ഫലപ്രദമായില്ല; നിലവിൽ പങ്കാളിയുമായി ‌പിരിഞ്ഞതിനാൽ അബോ‍ർഷന് കോടതിയുടെ അനുകൂല വിധി

മുംബൈ: ഗർഭഛിദ്രത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിൽ ബോംബെ ഹൈക്കോടതിയുടെ അനുകൂല വിധി. അവിവാഹിതയായ യുവതിയായതിനാൽ സാമൂഹികമായി നേരിടേണ്ടിവന്നേക്കാവുന്ന അപമാനം ഭയന്നാണ് 25 ആഴ്ചയായ ​ഗർഭം അലസിപ്പിക്കാൻ തീരുമാനിച്ചതെന്ന് യുവതി ഹർജിയിൽ പറഞ്ഞിരുന്നു. അവിവാഹിതയായ 31കാരിയാണ് ഗർഭഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്.

ഗർഭം അലസിപ്പിക്കുന്നതിനുള്ള മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എംടിപി) നിയമപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുവരെ യുവതിയെ പരിപാലിക്കാമെന്ന് പങ്കാളി കോടതിയിൽ സമ്മതിച്ചു. ജസ്റ്റിസുമാരായ രേവതി മോഹിതെ-ദേരെ, ഡോ. നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 31 വയസ്സുള്ള സ്ത്രീ സ്വന്തം സാഹചര്യങ്ങളാൽ അപകടത്തിലായെന്നും കോടതി അഭിപ്രായപ്പെട്ടു. പങ്കാളി ഒരു തരത്തിലും പിന്തുണയും സഹായവും നൽകിയില്ല. എന്നാൽ ഇപ്പോൾ സാമ്പത്തിക, മാനസിക പിന്തുണ നൽകുന്നത് നല്ല കാര്യമാണെന്നും കോടതി വ്യക്തമാക്കി. സാമൂഹിക അപമാനത്തെക്കുറിച്ചും സ്വന്തം മാതാപിതാക്കളെക്കുറിച്ചും ഹർജിക്കാരിക്ക് ആശങ്കയുണ്ട്. അവർ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുത്തതാണെന്നും ഗർഭം തുടരാൻ അവർ ആഗ്രഹിക്കുന്നില്ലെന്ന് തങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും ജഡ്ജിമാർ ഉത്തരവിൽ പറഞ്ഞു.

പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. എന്നാൽ ഗർഭധാരണം തടയാൻ ഉപയോഗിച്ച ഗർഭനിരോധന മാർ​ഗം ഫലപ്രദമാകാത്തതിനാലാണ് ഗർഭം ധരിച്ചതെന്നും പങ്കാളിയുമായി ഇപ്പോൾ ബന്ധമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി ഹർജി നൽകിയത്. അതിനാൽ ഗർഭം തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും യുവതി പറഞ്ഞു. ഗർഭം തുടരുന്നത് തന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും അവർ കോടതിയിൽ പറഞ്ഞു. തന്റെ ഗർഭധാരണത്തെക്കുറിച്ച് തന്റെ മാതാപിതാക്കൾക്കോ ​​കുടുംബത്തിനോ അറിയില്ലെന്നും അറിഞ്ഞാൽ അവർ അത് അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.

ശരീരത്തിന്മേലുള്ള അവരുടെ അവകാശം ഉൾപ്പെടെ കാര്യങ്ങളിൽ തങ്ങൾക്ക് ബോധമുണ്ടെന്ന് ജഡ്ജിമാർ പറഞ്ഞു. അതിനാൽ ഹർജിക്കാരിയുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകളും അഭിപ്രായവും ഹർജിയിലെ വാദങ്ങളും പരിഗണിച്ചു.

കോടതി ഉത്തരവിനെ തുടർന്ന് ജഡ്ജിമാരുടെ മുമ്പാകെ ഹാജരായ പങ്കാളി ഹർജിക്കാരിയുടെ മെഡിക്കൽ, നിയമപരമായ ചെലവുകൾക്കായി ഉടൻ തന്നെ 1,00,000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് ഉറപ്പുനൽകിയെന്ന് കോടതി അറിയിച്ചു. ‘അദ്ദേഹം ഉത്തരവാദിത്തം ഏറ്റെടുത്തു. ഹർജിക്കാരി ആഗ്രഹിക്കുന്നുവെങ്കിൽ ആശുപത്രിയിൽ അവർക്കൊപ്പം പോകുമെന്നും അവർക്കൊപ്പം ഉണ്ടായിരിക്കുമെന്നും അദ്ദേഹം ഞങ്ങൾക്ക് ഉറപ്പ് നൽകി’, കോടതി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button