Uncategorized

തലമുറ മാറ്റത്തില്‍ ടീം ഇന്ത്യക്ക് തട്ടുപൊളിപ്പന്‍ തുടക്കം; ലീഡ്സ് ടെസ്റ്റില്‍ ഒന്നാം ദിനം ഇന്ത്യന്‍ ആധിപത്യം

ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 359 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും യശസ്വി ജയ്‌സ്വാളിന്റെയും സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് യശസ്വി ജയ്സ്വാളും കെഎല്‍ രാഹുലും ചേര്‍ന്ന് നല്‍കിയത് മികച്ച തുടക്കം. ഓപ്പണിംഗ് വിക്കറ്റില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്‍പായിരുന്നു ഇംഗ്ലണ്ടിന്റെ ഇരട്ടപ്രഹരം. രാഹുല്‍ 42നും അരങ്ങേറ്റ മത്സരം കളിക്കുന്ന സായ് സുദര്‍ശന്‍ പൂജ്യത്തിനും പുറത്തായി.

പിന്നാലെ, ജയ്‌സ്വാളും ഗില്ലും ഒത്തുചേര്‍ന്നതോടെ കളി ഇന്ത്യയുടെ കയ്യിലായി. ഇംഗ്ലണ്ടിനെതിരായ ഉജ്ജ്വല ഫോം തുടരുന്ന ജയ്‌സ്വാള്‍ 145 പന്തില്‍ സെഞ്ചുറി തികച്ചു. ഇംഗ്ലണ്ടിന് എതിരായ മൂന്നാമത്തെയും ആകെ അഞ്ചാമത്തെയും ടെസ്റ്റ് ശതകം.

ജയ്‌സ്വാളിനെ കൂടി സ്റ്റോക്‌സ് വീഴ്ത്തിയെങ്കിലും ഗില്ലിനെ പിടിച്ചു കെട്ടാനായില്ല. ടെസ്റ്റിലെ ക്യാപ്റ്റന്‍ ആയുള്ള അരങ്ങേറ്റം സെഞ്ചുറിയോടെ അവിസ്മരണീയമാക്കി ഗില്‍. ഒടുവില്‍ ഋഷഭ് പന്തിന്റെ അതിവേഗ അര്‍ധ സെഞ്ച്വറി കൂടിയായപ്പോള്‍ ആദ്യദിനം ഇന്ത്യയ്ക്ക് സ്വന്തം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button