Uncategorized
നോവായി അഹമ്മദാബാദ് വിമാനാപകടം; മരണം 294, ആറ് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി, 12 പേരുടെ നില ഗുരുതരം

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരണം മുന്നൂറിനോട് അടുക്കുന്നു. 294 പേർ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചത്. 265 മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ആറ് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. കൂടുതൽ പ്രദേശവാസികളെ കാണാനില്ലെന്നാണ് അവരുടെ ബന്ധുക്കൾ അറിയിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പൊലീസും വ്യക്തമാക്കി. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും പ്രദേശവാസികള്‍. അതിനിടെ, ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വിലയിരുത്തി. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ഉള്ളവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. വിമാനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാറിനോട് ഏറെ നേരം മോദി സംസാരിച്ചു. ഉന്നതതല യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.




