Uncategorized

കുഞ്ഞിനെ സംരക്ഷിക്കാനുളള പശ്ചാത്തലമില്ല: നിധിയെ മാതാപിതാക്കള്‍ക്ക് കൈമാറില്ലെന്ന് ശിശുക്ഷേമ സമിതി

കൊച്ചി: പ്രസവിച്ചയുടന്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറില്ലെന്ന് ശിശുക്ഷേമ സമിതി. ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാനുളള പശ്ചാത്തലമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കുഞ്ഞിനെ ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കൈമാറും. നിധിയെന്ന് പേരിട്ട കുഞ്ഞ് നിലവില്‍ കൊച്ചിയിലെ ശിശുസംരക്ഷണ സമിതിയിലാണ് ഉളളത്. കുഞ്ഞിനെ കൈമാറിയാല്‍ മാതാപിതാക്കള്‍ക്ക് അവളെ സുരക്ഷിതമായി നോക്കാനുളള സാഹചര്യമുണ്ടോ എന്നാണ് ശിശുക്ഷേമ സമിതി പരിശോധിച്ചത്. അതിനായി ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടും തേടിയിരുന്നു.

രക്ഷിതാക്കള്‍ക്ക് കുഞ്ഞിനെ സംരക്ഷിക്കാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ അതിനാവശ്യമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുളള സാഹചര്യത്തെക്കുറിച്ചും ചില ആശങ്കകള്‍ ഉണ്ടെന്ന് ജാര്‍ഖണ്ഡ് ശിശുക്ഷേമസമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ നേരിട്ട് മാതാപിതാക്കള്‍ക്ക് കൈമാറേണ്ടതില്ലെന്നും ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കൈമാറാമെന്നും തീരുമാനിച്ചത്. കുട്ടിയെ സംരക്ഷിക്കാനുളള സാഹചര്യമുണ്ടെന്ന് ബോധ്യമായാല്‍ ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ മാതാപിതാക്കള്‍ക്കു കൈമാറാം. അല്ലെങ്കില്‍ ദത്ത് നല്‍കാനുളള നടപടികളിലേക്ക് കടക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button