നാടുകടത്താനെത്തിച്ച ഇന്ത്യൻ വിദ്യാർത്ഥിയുടെ കൈകാലുകളിൽ വിലങ്ങിട്ട് അമേരിക്കൻ ഉദ്യോഗസ്ഥർ; വിമർശനം

വാഷിംഗ്ടൺ: നാടുകടത്തുന്നതിനായി വിമാനത്താവളത്തിൽ എത്തിച്ച ഇന്ത്യൻ വിദ്യാർത്ഥിയെ നിലത്ത് കിടത്തി അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥർ കൈകാലുകളിൽ വിലങ്ങ് അണിയിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. ന്യൂജേഴ്‌സിയിലെ നെവാർക്ക് എയർപോർട്ടിലാണ് സംഭവം. ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയിൻ ഫോണിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വിദ്യാർത്ഥിയോട് അധികാരികൾ കുറ്റവാളിയെ പോലെ പെരുമാറുന്നത് വീഡിയോയിൽ വ്യക്തമാണ്. വിദ്യാർഥിയുടെ കാലുകളും കൈകളും ബന്ധിച്ച നിലയിലായിലാണ്. രണ്ട് ഉദ്യോഗസ്ഥർ വിദ്യാർത്ഥിയുടെ പുറകിൽ മുട്ടുകുത്തി നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സംഭവത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ‘ന്യൂജേഴ്‌സിയിലെ നെവാർക്ക് എയർപോർട്ടിൽ വെച്ച് ഒരു ഇന്ത്യൻ പൗരന് ഉദ്യോഗസ്ഥരിൽ നിന്നും ബുദ്ധിമുട്ട് നേരുടുന്നതിന്റെ വീഡിയോ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പ്രാദേശിക അധികാരികളുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ പൗരന്മാരുടെ ക്ഷേമത്തിനായി ഇന്ത്യൻ പ്രതിനിധിമാർ എന്നും പ്രതിജ്ഞാബദ്ധ’മാണെന്നായിരുന്നു എംബസിയുടെ പ്രതികരണം.
അക്രമാസക്തനായത് കൊണ്ടാണ് വിദ്യാർത്ഥിയെ കെട്ടിയിട്ടത് എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. മറ്റ് യാത്രക്കാർക്ക് ഭീഷണിയായതിനാൽ വിമാനത്തിൽ കയറ്റാൻ കഴിയില്ലെന്ന് പൈലറ്റാണ് പറഞ്ഞതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥർ പിടിച്ചു കെട്ടുന്നതിനിടയിൽ എനിക്ക് ഭ്രാന്തല്ല, അവർ എന്നെ ഭ്രാന്തനാക്കാൻ ശ്രമിക്കുന്നുവെന്ന് വിദ്യാർത്ഥി ഹിന്ദിയിൽ പറഞ്ഞതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിട്ടുണ്ട്. വീഡിയോ ഇതിനോടകം സാമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യൻ വിദ്യാർത്ഥിയെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.




