ബംഗളൂരു മേഖലാ റിക്രൂട്ടിംഗ് ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസും, കോഴിക്കോട് ആർമി റിക്രൂട്ടിംഗ് ഓഫീസും സംയുക്തമായി 26 മുതൽ മാർച്ച് 12 വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കരസേന റിക്രൂട്ട്മെന്റ് റാലി നടത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവർക്കു തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് 26 മുതൽ മാർച്ച് അഞ്ചു വരെയും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലക്കാർക്കു കോഴിക്കോട് ആർമി റിക്രൂട്ടിംഗ് ഓഫീസ് മാർച്ച് ആറു മുതൽ 12 വരെയും റാലി നടത്തും.
സോൾജിയർ ജനറൽഡ്യൂട്ടി, സോൾജിയർ ടെക്നിക്കൽ, സോൾജിയർ ക്ലാർക്ക്/സ്റ്റോർകീപ്പർ ടെക്നിക്കൽ/ഇൻവെന്ററി മാനേജ്മെന്റ്, സോൾജിയർ ട്രേഡസ്മെൻ, സോൾജിയർ ടെക്നിക്കൽ-നഴ്സിംഗ് അസിസ്റ്റന്റ്/നഴ്സിംഗ് അസിസ്റ്റന്റ്-വെറ്ററിനറി, മത-അധ്യാപകർ എന്നീ തസ്തികളിലേയ്ക്കാണ് റാലി നടത്തുന്നത്. ഈ റാലിയിൽ പങ്കെടുക്കാനായ് ഏഴ് തെക്കൻ ജില്ലകളിൽ നിന്നും 48,656 ഉദ്യോഗാർഥികളും, ഏഴ് വടക്കൻ ജില്ലകളിൽ നിന്നും 42990 ഉദ്യോഗാർഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ടെസ്റ്റ് നെഗറ്റിവ് സർട്ടിഫിക്കറ്റ്/ലക്ഷണങ്ങളില്ലാ എന്ന സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ റാലിയിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളു. റാലി നടക്കുന്ന സ്ഥലത്തും ഉദ്യോഗാർഥികളെ തെർമൽ സ്ക്രീനിംഗ് നടത്തുന്നതാണ്. പനി ഉള്ളവരെയും ലക്ഷണങ്ങൾ ഉള്ളവരെയും റാലിയിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല.