ദേശീയപാത: അന്വേഷണം പദ്ധതി വൈകിപ്പിക്കാനുള്ള സൂത്രവിദ്യയെന്ന് വിജയരാഘവൻ; കോൺഗ്രസിനെ വിമർശിച്ച് കെവി തോമസ്

തിരുവനന്തപുരം: ദേശീയപാത തകർന്നതിൽ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിനെ കടന്നാക്രമിച്ച് സിപിഎം പിബി അംഗം എ വിജയരാഘവൻ. കെസി വേണുഗോപാലിനെ ലക്ഷ്യമിട്ട് പദ്ധതിയിൽ വിമർശനവുമായി ദില്ലിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി പ്രൊഫ കെവി തോമസും രംഗത്തെത്തി. മലപ്പുറം ചന്തക്കുന്നിൽ തെരഞ്ഞെടുപ്പ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സിപിഎം പിബി അംഗമായ എ വിജയരാഘവൻ. ദില്ലിയിൽ പുറത്തുവിട്ട പത്ര പ്രസ്താവനയിലാണ് കെവി തോമസിൻ്റെ വിമർശനം.
കോൺഗ്രസുകാരുടെ കെട്ടിപ്പിടിത്തം കരടി പിടിക്കും പോലെയാണെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി. എല്ലാം സ്നേഹമാണെന്ന് കരുതും പക്ഷേ തട്ടിപ്പാണ്. നല്ല റോഡ് ഉണ്ടായാൽ ഗുണം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. രാവിലെ 8 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ടാൽ രണ്ട് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താനാവും. സതീശൻ എട്ടുമണിവരെ ഉറങ്ങിക്കോട്ടെ. പോകുന്ന പോക്കിൽ ചെന്നിത്തലയെയും കൂട്ടാം. ചെന്നിത്തലയ്ക്ക് സതീശനെക്കാൾ അരമണിക്കൂർ കൂടുതൽ ഉറങ്ങാനാവും. എന്നാൽ ഈ ദേശീയ പാത തകർന്നതിൽ പ്രതിപക്ഷം ഇപ്പോൾ സന്തോഷിക്കുകയാണ്. അന്വേഷണം ആവശ്യപ്പെട്ടത് പദ്ധതി കോടതി കയറ്റി നിർമ്മാണം വൈകിപ്പിക്കാനാണ്. ഇതാണ് സതീശൻ്റെ സൂത്ര വിദ്യ. പദ്ധതി വൈകണം എന്നതാണ് പ്രതിപക്ഷത്തിൻ്റെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.




