Uncategorized

‘വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു, എന്നാൽ എനിക്ക് മറ്റ് ചില നല്ല കാര്യങ്ങൾ ചെയ്യാനുണ്ട്’; മറുപടിയുമായി ശശി തരൂർ

ന്യൂ ഡൽഹി: മോദി സ്തുതിക്ക് പിന്നാലെ തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എംപി രംഗത്ത്. തനിക്ക് നേരെയുളള വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ തനിക്ക് മറ്റ് ചില നല്ല കാര്യങ്ങൾ ചെയ്യാനുണ്ട് എന്നുമായിരുന്നു തരൂരിന്റെ മറുപടി.

എക്സ് പോസ്റ്റിലോടെയായിരുന്നു തരൂരിന്റെ മറുപടി. താൻ പറഞ്ഞ വിഷയങ്ങളിൽ അജ്ഞതക്കുറവുണ്ടെന്ന് പറഞ്ഞവരോട്, താൻ പറഞ്ഞത് തീവ്രവാദ അക്രമണങ്ങൾക്കുള്ള പ്രതികാര നടപടിയെപ്പറ്റി മാത്രമാണ്, അല്ലാതെ മുൻ യുദ്ധങ്ങളെപ്പറ്റിയല്ല എന്ന് തരൂർ പറഞ്ഞു.തന്റെ പരാമർശങ്ങൾക്ക് മുമ്പ് സമീപ വർഷങ്ങളിൽ മാത്രം നടന്ന നിരവധി ആക്രമണങ്ങളെക്കുറിച്ചുള്ള മറ്റൊരു പരാമർശം ഉണ്ടായിരുന്നു. അപ്പോഴും നമ്മുടെ പ്രതികരണം നിയന്ത്രണരേഖയെ ബഹുമാനിച്ചുകൊണ്ടായിരുന്നുവെന്നും തരൂർ മറുപടിയിൽ കൂട്ടിച്ചേർത്തു. തുടർന്നാണ് വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ തനിക്ക് മറ്റ് ചില നല്ല കാര്യങ്ങൾ ചെയ്യാനുണ്ട് എന്നും തരൂർ എഴുതിയത്.

അതേസമയം, വർധിച്ചുവരുന്ന മോദി സ്തുതിയിൽ ശശി തരൂരിനെതിരെ ഏത് തരത്തിലുള്ള സമീപനം സ്വീകരിക്കണമെന്നതിൽ കോൺഗ്രസിന് ആശയകുഴപ്പം തുടരുകയാണ്. തരൂരിനെതിരെ അച്ചടക്ക നടപടി വേണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെടുമ്പോൾ നടപടിയിലൂടെ തരൂരിന് രക്തസാക്ഷി പരിവേഷം നൽകേണ്ട എന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. ഇത്തരത്തിൽ ഭിന്നത ഉണ്ടെന്നിരിക്കെ തരൂരിന്റെ മോദി അനുകൂല നിലപാട് തുറന്നു കാട്ടി മുന്നോട്ടുപോകാനാണ് കോൺഗ്രസ് തീരുമാനം.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഗ്ലോബല്‍ ഔട്ട്‌റീച്ച് മിഷന്റെ ഭാഗമായി പാനമയലെത്തിയ തരൂർ തന്റെ പ്രസംഗത്തിൽ മോദിയെ അനുകൂലിച്ച് സംസാരിച്ചിരുന്നു. ഇതാണ് കോൺഗ്രസിന് വീണ്ടും തലവേദനയായിരിക്കുന്നത്. രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നൽകിയെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു തരൂർ പറഞ്ഞത്.

ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു. ശശി തരൂര്‍ ബിജെപിയുടെ സൂപ്പര്‍ വക്താവാകുകയാണെന്നും ബിജെപി നേതാക്കള്‍ പോലും പറയാത്ത കാര്യങ്ങളാണ് നരേന്ദ്ര മോദിയെക്കുറിച്ച് ശശി തരൂര്‍ പറയുന്നതെന്നും കോൺഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞിരുന്നു. ദൗത്യത്തെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണ് എന്നറിഞ്ഞിട്ടും ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് തരൂര്‍ തുടരുകയാണെന്നും ഉദിത് രാജ് വിമർശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button