Uncategorized

‘ജനലിലൂടെ ദ്രാവകം പിന്നാലെ തീയും’, മെൽബണിൽ പ്രഭാത പ്രാർത്ഥനയ്ക്കിടെ ജൂതദേവാലയത്തിന് തീയിട്ടു

മെൽബൺ: പ്രഭാത പ്രാർത്ഥനകൾക്കിടെ ജൂത ദേവാലയത്തിന് തീയിട്ട് അജ്ഞാതർ. ചിതറിയോടിയ വിശ്വാസികളിൽ പലർക്കും വീണ് പരിക്ക്. അഗ്നിബാധയിൽ സാരമായി കേടുപാടുകൾ സംഭവിച്ച നിലയിലാണ് സിനഗോഗുള്ളത്. ഓസ്ട്രേലിയയിലെ മെൽബണിലാണ് ജൂത ദേവാലയത്തിന് അജ്ഞാതർ തീയിട്ടത്. മെൽബണിലെ അഡാസ് ഇസ്രയേൽ സിനഗോഗാണ് വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ കത്തിനശിച്ചത്.

അഗ്നിരക്ഷാ സേന സംഭവ സ്ഥലത്തേക്ക് എത്തിയപ്പോഴേയ്ക്കും കത്തിനശിച്ച നിലയിലായിരുന്നു ദേവാലയമുണ്ടായിരുന്നത്. ദേവാലയത്തിന് അകത്തേക്ക് അജ്ഞാതർ തീയിടുമ്പോൾ പ്രഭാത പ്രാർത്ഥനയ്ക്കായി എത്തിയവർ സിനഗോഗിലുണ്ടായിരുന്നു. തീ പടർന്ന് പിടിച്ചതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. വെറുപ്പ് പടർത്താനുള്ള ഉദ്ദേശത്തോടെ മനപ്പൂർവ്വം ദേവാലയത്തിന് തീയിട്ടതെന്നാണ് സംഭവത്തെ അധികാരികൾ വിലയിരുത്തുന്നത്. വെറുപ്പിന്റെ പ്രവർത്തിയെന്നാണ് സംഭവത്തെ അപലപിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അക്രമത്തേക്കുറിച്ച് പ്രതികരിച്ചത്.

മെൽബണിന്റെ തെക്ക് കിഴക്കൻ മേഖലയിലുള്ള റിപ്പൺലീയിലാണ് സംഭവം നടന്നത്. സാമുദായിക ഐക്യം തകർക്കാൻ ലക്ഷ്യമിട്ടും സമൂഹത്തിൽ ഭീതി പടർത്താനും ഉദ്ദേശമിട്ടാണ് പെട്രോൾ ബോംബുകൾ ഉപയോഗിച്ചതെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. യഹൂദ വിരുദ്ധതയ്ക്കെതിരെ സഹിഷ്ണുത കാണിക്കില്ലെന്നും പ്രധാനമന്ത്രി വിശദമാക്കി. അന്വേഷണത്തിൽ ഫെഡറൽ പൊലീസ് വിക്ടോറിയ പൊലീസിന് സഹായിക്കുമെന്നും ആന്തണി ആൽബനീസ് വിശദമാക്കി.

തീയിടാനായി എന്താണ് ഉപയോഗിച്ചതെന്ന് കണ്ടെത്താനായി വിദഗ്ധർ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മുഖംമൂടി ധാരികളായ രണ്ട് പേർ ദേവാലയത്തിന് സമീപത്ത് നിന്ന് പോകുന്നത് ശ്രദ്ധിച്ചതായി ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്യ മേഖലയിലെ സിസിടിവി ദൃശ്യങ്ങളും ഡാഷ് ക്യാമറാ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. വാതിലിൽ തട്ട് കേട്ടെന്നും പിന്നാലെ ജനലിലൂടെ ദ്രാവകവും പിന്നാലെ തീയും എത്തിയെന്നാണ് അഗ്നിബാധയിൽ നിന്ന് രക്ഷപ്പെട്ടവർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ഓസ്ട്രേലിയയിൽ യഹൂദ വിരുദ്ധത വർധിക്കുന്നതിന്റെ തെളിവായാണ് ജൂത വിഭാഗം അക്രമത്തെ നിരീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button