Uncategorized

മുഖം മിനുക്കാൻ മാമല്ലപുരവും ഊട്ടിയും ; 170 കോടി രൂപ അനുവദിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം

ചെന്നൈ : തമിഴ്നാട്ടിലെ രണ്ട് ടൂറിസം പദ്ധതികൾക്കായി 170 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. മൂലധനച്ചെലവിനായി സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം നൽകുന്ന പദ്ധതിക്ക് കീഴിലാണ് തുക അനുവദിച്ചിരിക്കുന്നത്. മാമല്ലപുരത്തെ നന്ദാവനം ഹെറിറ്റേജ് പാർക്ക്, ഊട്ടിയിലെ ദേവാലയിലെ പൂന്തോട്ടം എന്നിവയാണ് രണ്ട് പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകൾ.

സംസ്ഥാനത്ത് 5,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനാണ് ഈ പദ്ധതികൾ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ ഉത്തരവിൽ പറയുന്നു.

നന്ദാവനം ഹെറിറ്റേജ് പാർക്ക് വികസിപ്പിക്കുന്നതിന് 100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. മാമല്ലപുരം നഗരത്തെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാ​ഗമായാണിത്. മാമല്ലപുരത്തിൻ്റെ പ്രകൃതി സൗന്ദര്യത്തെയും സാംസ്കാരിക പ്രാധാന്യത്തെയും ആധുനിക ടൂറിസം സൗകര്യങ്ങളുമായി സംയോജിപ്പിക്കുന്നതാണ് പുതിയ പദ്ധതി.

വികസനത്തിൽ ചോലൈ വനം (വിശാലമായ ഉദ്യാന-പാർക്ക്) വിഹാരം (സാംസ്കാരിക പരിപാടികൾക്കു‌ള്ള ഇടം), മൈതാനം (പരിപാടികൾക്കും ഒത്തുചേരലുകൾക്കുമുള്ള ഒരു തുറന്ന വേദി) എന്നിവ ഉൾപ്പെടുന്നു.

കൂടാതെ, 14 പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾ (പിപിപി) ഉൾപ്പെടെ 574 കോടി രൂപയുടെ നിക്ഷേപവും മാമല്ലപുരത്തിൻ്റെ വിനോദസഞ്ചാരത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും കൂടുതൽ ഊർജ്ജമേകുമെന്നും ഉത്തരവിൽ പറയുന്നു. ഈ പ്രോജക്ടുകളിൽ റീട്ടെയിൽ ഷോപ്പുകളും ഫുഡ് കോർട്ടുകളും ഉണ്ടായിരിക്കും. വെൽനെസ് റിട്രീറ്റുകൾ, ഇവൻ്റ് സ്പേസുകൾ, ലൈറ്റ് ആൻഡ് സൗണ്ട് ഷോകൾ, സാഹസികമായ സ്പോർട് ആക്ടിവിറ്റികൾ, കടൽത്തീരത്ത് ഭക്ഷണശാലകൾ, ഇക്കോ ഫ്രണ്ട്ലി ഹട്ട്, ഹെറിറ്റേജ് ബീച്ച് റിസോർട്ടുകൾ എന്നിവയും ഒരുങ്ങും. വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ 2,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

ഊട്ടിയിലെ ദേവാലയിലെ പൂന്തോട്ടത്തിനായി 70 കോടി രൂപയാണ് വകയിരുത്തിയത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി മലമുകളിൽ ക്യാമ്പിംഗ് ടെൻ്റുകളും താഴ്‌വരയ്ക്ക് കുറുകെയുള്ള റോപ്‌വേയും ഉൾപ്പെടെ 115 കോടി രൂപയുടെ രണ്ട് പിപിപി പദ്ധതികൾ ഊട്ടിയിൽ നടക്കും. ഇത് 2,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button