ഇനി ചരിത്രമാകും; തട്ടുകടയ്ക്ക് വരാൻ പോകുന്നത് വമ്പൻ മാറ്റം

വടക്കാഞ്ചേരി : നഗരസഭാ പരിധിയിലെ പാതയോരത്തെ തട്ടുകടകൾ ഹൈടെക്കാക്കാൻ പദ്ധതി.ഒരേ നിറത്തിൽ ഏകീകൃത വലിപ്പത്തിൽ തട്ടുകടകൾ ഒരുക്കി ലൈസൻസുള്ള വഴിയോരക്കച്ചവടക്കാർക്ക് കുറഞ്ഞ വാടകയ്ക്ക് അനുവദിക്കുന്നതിനാണ് ആലോചന.ടാർപോളിൻ, ഫ്‌ളക്‌സ്, തകരമേൽക്കൂരകളോട് കൂടിയ തട്ടുകടകളെല്ലാം ഇനി ചരിത്രമാകും.
പല വലിപ്പത്തിലുള്ള കടകളെല്ലാം ഒരേ വലിപ്പത്തിലേക്ക് മാറുന്നത് കൂടുതൽ പേർക്ക് തൊഴിലും വ്യാപാരവും ഉറപ്പാക്കും.നിലവിൽ അകമല മുതൽ അത്താണി ജെ. എം. ജെ സ്‌കൂൾ വരെയുള്ള സംസ്ഥാന പാതയോരമാണ് നഗരസഭാ അതിർത്തി.ഇതിൽ അകമല, വടക്കാഞ്ചേരി പുഴ പാലപരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം, കരുതക്കാട്, പട്ടിച്ചിറ കാവ്പാടശേഖരം എന്നിവിടങ്ങളിലാണ് കൂടുതൽ തട്ടുകടകളുള്ളത്.
പുതിയ പരിഷ്‌കാരം നടപ്പാക്കുമ്പോൾ ഒരേ സ്ഥലത്ത് മത്സര സ്വഭാവമുള കടകൾക്ക് അനുമതി നൽകില്ല. അപകട സാദ്ധ്യതകൾ ഉള്ല പ്രദേശത്ത് കടകൾ അനുവദിക്കില്ല. നഗരസഭാ തിർത്തിക്ക് പുതിയ മുഖകാന്തി നൽകുകയാണ് ലക്ഷ്യം. ഭരണസമിതിക്ക് മുന്നിലെത്തിയിട്ടുള്ല നിർദ്ദേശങ്ങൾ വിവിധ തലത്തിൽ ചർച്ച നടത്തി നടപ്പിലാക്കും.
ഇതര സംസ്ഥാന കച്ചവടക്കാർക്ക് തിരിച്ചടി
പുതിയ പരിഷ്കാരം ഇതര സംസ്ഥാനക്കാരായ കച്ചവടക്കാർക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കരിമ്പ് ജ്യൂസ്, പാനിപ്പൂരി, ബേൽ പൂരി, അംഗീകൃത പാൻമസാല കടകൾ നടത്തുന്നത് ഇതര സംസ്ഥാനക്കാരാണ്. ഇവർക്ക് വഴിയോര കച്ചവട ലൈസൻസില്ലാത്തത് തിരിച്ചടിയാണ്.




