‘വീട്ടുകാരെ മുഴുവന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; 68 വയസായ അമ്മൂമ്മയെ വരെ ഉപദ്രവിച്ചു’; ലഹരിക്കടിമയായ മകനെ പൊലീസില്‍ ഏല്‍പ്പിച്ച മാതാവ്

13 വയസ് മുതല്‍ രാഹുല്‍ ലഹരി ഉപയോഗിക്കാറുണ്ടെന്നും വീട്ടുകാരെ മുഴുവന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എലത്തൂരില്‍ ലഹരിക്കടിമയായ മകനെ പൊലീസില്‍ ഏല്‍പ്പിച്ച മാതാവ്. 68 വയസായ അമ്മൂമ്മയെ വരെ ഉപദ്രവിച്ചുവെന്നും കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് പൊലീസിനെ വിളിച്ചതെന്നും രാഹുലിന്റെ മാതാവ് പറഞ്ഞു.
മകളുടെ കുഞ്ഞിനെ ഉപദ്രവിച്ചതിന് പോക്സോ കേസ് കൊടുക്കുകയും ഇയാള്‍ ജയിലിലാകുകയും ചെയ്തിരുന്നുവെന്നും ഒന്‍പതര മാസത്തോളം ജയിലില്‍ കിടന്നുവെന്നും അമ്മ പറയുന്നു.
രണ്ടാഴ്ച മുന്‍പേ വല്ലാതെ ബഹളം വച്ചപ്പോള്‍ പൊലീസിനെ വിളിക്കുമെന്ന് അവനോട് പറഞ്ഞിരുന്നു. അപ്പോള്‍ സ്വന്തം കഴുത്തില്‍ ബ്ലേഡ് വച്ച് മുറിവുണ്ടാക്കുമെന്നും ഞങ്ങള്‍ ചെയ്തുവെന്ന് പറയുമെന്നും പറഞ്ഞു. അതോടുകൂടി ഞങ്ങള്‍ക്ക് ഭയമായി. ഇന്നലെ രാത്രി ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. എന്തായാലും ജയിലില്‍ പോകണമെന്നും എല്ലാവരെയും കൊന്നിട്ടേ താന്‍ പോകൂവെന്നും ഭീഷണിപ്പെടുത്തി. ഇനിയും മകനെ സംരക്ഷിച്ചാല്‍ വരാന്‍ പോകുന്നത് ആപത്താണെന്ന് മനസിലായി. ഞങ്ങള്‍ക്ക് ഒരുപാട് കടങ്ങള്‍ ഉണ്ടായിരുന്നു. മകള്‍ രണ്ട് കൊല്ലം ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ടാണ് അതെല്ലാം തീര്‍ത്തത്. അവളെക്കൂടി ഉപദ്രവിക്കും എന്ന ഘട്ടത്തിലാണ് ഇനിയും രാഹുലിനെ സംരക്ഷിച്ചാല്‍ ശരിയാവില്ലെന്ന് തോന്നിയത്. ജയിലിലാണെങ്കിലും അവന് ജീവനോടെയുണ്ടെന്ന് കരുതി ജീവിക്കാമല്ലോ – അമ്മ വ്യക്തമാക്കുന്നു.
എലത്തൂര്‍ സ്വദേശിയായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് എത്തിയതിന് പിന്നാലെ രാഹുല്‍ ആത്മഹത്യാ ഭീഷണി മുഴക്കി. ഒടുവില്‍ തന്ത്രപരമായാണ് ഇയാളെ പിടികൂടിയത്. പോക്സോ ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് രാഹുല്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.