16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്ക്; നിയമം പാസാക്കുന്ന ആദ്യ രാജ്യമായി ഓസ്ട്രേലിയ, ലംഘിച്ചാൽ പിഴ
കാൻബെറ: കുട്ടികൾക്കും കൗമാരക്കാർക്കും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി ഓസ്ട്രേലിയ. പതിനാറ് വയസിന് താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കുന്നതിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്തി. കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ പറ്റാത്ത തരത്തിൽ സമൂഹമാധ്യമങ്ങൾ മാറ്റം കൊണ്ടുവരണമെന്നാണ് നിർദ്ദേശം. ഏറെക്കാലമായി ചർച്ച ചെയ്തിരുന്ന നിയമം ഓസ്ട്രേലിയൻ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കി. 2025 മുതൽ പുതിയ നിയമം നിലവിൽ വരും.
സമൂഹമാധ്യമ കമ്പനികൾ നയം ലംഘിച്ചാൽ വൻ തുക പിഴ ചുമത്തും. 50 മില്യൺ ഓസ്ട്രേലിയൻ ഡോളറാണ് പിഴ. വ്യാഴാഴ്ച വൈകിട്ടാണ് ഓസട്രേലിയന്‍ സെനറ്റ് സോഷ്യല്‍ മീഡിയ നിരോധനത്തിന് അംഗീകാരം നല്‍കിയത്. ഗൂഗിള്‍, മെറ്റ, എക്‌സ് എന്നീ ടെക് ഭീമന്‍മാരുടെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ഓസ്ട്രോലിയൻ സർക്കാരിന്‍റെ വേഗത്തിലുള്ള നടപടി. തിടുക്കത്തിൽ പാസാക്കിയ നിയമമെന്നും, നിയമത്തിന് വ്യക്തതയില്ലെന്നുമായിരുന്നു ഓസ്ട്രേലിയയുടെ പുതിയ നിയമത്തോടുള്ള മെറ്റയുടെ പ്രതികരണം.
പുതിയ നിയമപ്രകാരം 16 വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് തടയുന്നതിന് വേണ്ട സുരക്ഷാ നടപടികള്‍ ടെക് കമ്പനികള്‍ കൈക്കൊള്ളണം. ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചാൽ മില്യൺ ഓസ്ട്രേലിയൻ ഡോളറാണ് പിഴയൊടുക്കേണ്ടി വരിക. സ്നാപ്ചാറ്റ്, ടിക് ടോക്ക്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റെഡ്ഡിറ്റ്, എക്സ് എന്നിവയ്ക്ക് പുതിയ നിയമം ബാധകമാകും.