Uncategorized

മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്, ഇനി വ്രതശുദ്ധിയുടെ പുണ്യ നാളുകള്‍

കോഴിക്കോട്/തിരുവനന്തപുരം: വിവിധയിടങ്ങളിൽ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. നാളെ മുതൽ കേരളത്തിൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. ഇനിയുള്ള ദിവസങ്ങള്‍ വ്രതശുദ്ധിയുടെ പുണ്യ നാളുകളായിരിക്കും.

ഇന്ന് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ (മാര്‍ച്ച് രണ്ട്, ഞായറാഴ്ച) റമദാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി കാന്തപുരം എ പി.അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് എന്നിവര്‍ അറിയിച്ചു. മാസപ്പിറവി കണ്ടതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. കോഴിക്കോട് വെള്ളയിൽ കടപ്പുറത്തും പൊന്നാനിയിലുമടക്കം മാസപ്പിറവി കണ്ടതായി ഖാസിമാര്‍ അറിയിച്ചു.

റമദാൻ മാസപ്പിറവി സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച (02.03.2025) റമദാൻ ഒന്ന് ആയിരിക്കുമെന്ന് തിരുവനന്തപുരം പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.

സൗദി അറേബ്യയിലും ഒമാനിലും ഇന്നലെ മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫിൽ ഇന്ന് മുതൽ റമദാൻ വ്രതാനുഷ്ഠാനം ആരംഭിച്ചിരുന്നു.യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റമദാൻ ആരംഭിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റമദാൻ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായിരുന്നു.ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും ഒമാനിലും ശനിയാഴ്ച റമദാൻ വ്രതം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button