10 വർഷത്തിനിടെ 14 ജീവനുകൾ ; ഇനിയെത്ര ജീവൻ നൽകണം ആറളം ഫാമിൽ ആനമതിൽ ഉയരാൻ

ആറളം: ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ പൊലിയുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചിട്ടും ഫാമിലെ ആനമതിൽനിർമാണം പൂർത്തിയാക്കാൻ ഇത് വരെ സാധിച്ചിട്ടില്ല. നിലവിൽ 10 വർഷത്തിനിടെ 14 പേരുടെ ജീവനാണ് ആറളം ഫാമിൽ കാട്ടാനക്കലിയിൽ ഇല്ലാതായത്.
തുടർച്ചയായി ജീവഹാനി സംഭവിച്ചതിനെത്തുടർന്ന് പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് 2023 സെപ്റ്റംബർ 30-ന് ഫാമിലെ ആനമതിൽ നിർമാണം ആരംഭിച്ചത്. എന്നാൽ പണി ഇഴഞ്ഞു നീങ്ങുന്നതിനാൽ 2024 സെപ്റ്റംബർ 24ന് പൂർത്തീകരിക്കേണ്ട ആനമതിൽ ഇപ്പോഴും വെറും നാലുകിലോമീറ്റർ മാത്രമാണ് പൂർത്തിയാക്കിയിട്ടുള്ളത്. 37.9 കോടി രൂപ ചെലവിൽ 10.5 കിലോമീറ്ററാണ് മതിൽ നിർമാണം നടത്തേണ്ടത്. 3.93 കിലോമീറ്റർ തരത്തിലുള്ള മതിൽ പണിയേണ്ട മരംപോലും മുറിച്ചുനീക്കിയിട്ടില്ല. ഇങ്ങനെ നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും ഫാമിലെ ആനമതിൽനിർമാണം പൂർത്തിയാക്കാൻ ഇനിയെത്ര ജീവൻ നൽകണം എന്നതും,പ്രതിഷേധം ഉയരുമ്പോൾ മാത്രം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉള്ളതാണോ ആന മതിലെന്ന ചോദ്യവും ഇപ്പോഴും ഉത്തരം കിട്ടാതെ ബാക്കിയാവുകയാണ്.




