‘ജീവനക്കാരെ സർക്കാർ കാണുന്നത് ശത്രുവായി, തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നു’: പിണറായി വിജയൻ

അസഹ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമ്പോഴാണ് പ്രതികരിക്കാൻ ജീവനക്കാർ നിർബന്ധരാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വലിയ സമരങ്ങൾ സംഘടിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സംഘടനകൾക്കെതിരെയുള്ള നീക്കങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചു.
ജീവനക്കാർക്ക് പലതരത്തിലുള്ള പ്രയാസങ്ങളാണ് അനുഭവിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. വരും നാളുകൾ അത്തരത്തിലുള്ളതാകുമെന്ന് സൂചനയാണ്. 10 വർഷക്കാലം ജീവനക്കാർ തൃപ്തരായിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ മാറി. ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നു. ജീവനക്കാരെ സർക്കാർ ശത്രുവായി കാണുന്നു.
ജീവനക്കാർക്കെതിരെ തെറ്റായ പ്രചരണം അഴിച്ചുവിടുന്നു. വരുമാനത്തിന്റെ പ്രധാന ഭാഗം ജീവനക്കാർക്കായി ചെലവഴിക്കുന്നു എന്ന പ്രചാരണം നടക്കുന്നു. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ എടുക്കുകയാണ്.ബോധപൂർവമായ പ്രചരണമാണ് ജീവനക്കാർക്കെതിരെ നടക്കുന്നത്. പിഎസ്എസി ആവശ്യമില്ലാത്ത റിക്രൂട്ട്മെന്റ് നടത്തുന്നു എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രതികരിച്ചത്. തെറ്റായ വാദമാണ് മുഖ്യമന്ത്രി നടത്തിയത്. സർക്കാരിന്റെ അറിയിപ്പിന്റെ ഭാഗമായിട്ടല്ലേ പിഎസ്സി നടപടികൾ സ്വീകരിക്കുന്നത്. ഒഴിവിന്റെ അടിസ്ഥാനത്തിലാണ് പിഎസ്സി റിക്രൂട്ട്മെന്റ് നടത്തുന്നത്. ഏതിൽ മാറ്റം വരണം എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ലിസ്റ്റ് വലുതാണ് എന്നത് വസ്തുതയാണ്. ലിസ്റ്റിൽ വരുന്ന ആളുകളെ സംവരണത്തിന്റെ തോതനുസരിച്ച് ആണ് നിയമിക്കുക. അതിന് മാനദണ്ഡം ഉണ്ട്. ലിസ്റ്റിന്റെ ക്രമത്തിനൊപ്പം സംവരണവും ചേർത്താണ് നിയമനപ്രക്രിയ നടക്കുന്നത്. ഇതിൽ മാറ്റം വരുത്തണമെങ്കിൽ സർക്കാർ മാത്രം തീരുമാനിച്ചാൽ മതിയോ. വിവിധ വശങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
നിയമനങ്ങൾ വെട്ടി ചുരുക്കാനുള്ള നീക്കം ആണോ എന്ന് ആശങ്കയുണ്ട്. മുൻപും യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമന നിരോധനം ഉണ്ടായിട്ടുണ്ട്. ശമ്പള പരിഷ്കരണം അഞ്ചുവർഷം കൂടുമ്പോൾ വേണ്ടെന്ന് യുഡിഎഫ് സർക്കാർ പറയുന്നു. എൽഡിഎഫ് പ്രഖ്യാപിച്ച ഡിഎ കുടിശ്ശിക യുഡിഎഫ് നൽകുന്നില്ല. ലീവ് സറണ്ടറിലും അതെ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെഎഎസ് അട്ടിമറിയിലും പിണറായി വിജയൻ പ്രതികരിച്ചു. എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ കെഎഎസിനോടും
യുഡിഎഫ് സർക്കാരിന് വിരോധമാണെന്ന് അദ്ദേഹം പറഞ്ഞു. കെഎഎസ് ഇല്ലാതാക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. സർക്കാരിന് ഭൂഷണമായ കാര്യമാണോ ഇത്. പരിഷ്കൃത സർക്കാരിന് ചേരാത്ത നടപടിയാണ് യുഡിഎഫ് സ്വീകരിക്കുന്നത്. കെഎസിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.
എന്നാൽ അതിനെ കുഴിച്ചു മൂടുകയാണ് യുഡിഎഫ്. എൽഡിഎഫ് ഒരു ബദൽ നയമാണ് മുന്നോട്ടുവെച്ചത്. അതിന്റെ ഭാഗമായി എല്ലാ മേഖലയിലും പുരോഗതിയുണ്ടായി. യുഡിഎഫ് മണ്ണും കടലും വിഭവങ്ങളെല്ലാം സ്വകാര്യ കുത്തകൾക്ക് വിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.




