ശബരിമല യുവതി പ്രവേശന കേസ്; വിശാല ബെഞ്ചിൻറെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പ് ഉണ്ടായേക്കുമെന്ന് സൂചന

ശബരിമല യുവതി പ്രവേശന കേസിൽ വിശാല ബെഞ്ചിൻറെ വിധി ക്രിസ്തുമസ് അവധിക്ക് മുമ്പ് ഉണ്ടായേക്കുമെന്ന് സൂചന നൽകി സുപ്രീംകോടതി. വിശാല ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി വി നാഗരത്ന ആണ് ഇക്കാര്യം പരാമർശിച്ചത്. ക്നാനായ കത്തോലിക്കാ സഭയും ആയി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് നഗരത്ന ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത മാസം 18നാണു സുപ്രിംകോടതി ക്രിസ്മസ് അവധി ആരംഭിക്കുന്നത്. ക്നാനായ കത്തോലിക്ക സഭയുടെ ഹർജി ജനുവരിയിൽ പരിഗണിക്കാനും മാറ്റിയിട്ടുണ്ട്. അതേസമയം, ശബരിമല ക്ഷേത്രത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ട്രാൻസ്ജെൻഡർ ആയ അനുശ്രീ ആണ് ഹർജി നൽകിയത്. തടസമില്ലാതെ ദർശനം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. സമാനമായ ഹർജികൾ കേരള ഹൈക്കോടതിക്ക് മുന്നിൽ ഉണ്ടെന്നും, ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഹൈക്കോടതിക്ക് മാത്രമേ വിഷയം പരിഗണിക്കാൻ കഴിയൂ എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.




