Uncategorized

‘ചെളിയിൽ പരിശീലിക്കുന്നവര്‍, ആണിയുള്ള ഷൂ ഗ്രൗണ്ടിന് പ്രശ്‌നം’;പട്ടികജാതി കുട്ടികളെ അപമാനിച്ചുവെന്ന് KA തുളസി

തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പിന്റെ ‘കളിക്കളം’ കായികമേളയ്ക്കായി ഗ്രൗണ്ട് വിട്ടുനല്‍കുന്നതില്‍ ലക്ഷ്മിഭായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ പ്രിന്‍സിപ്പാള്‍ അപമാനിച്ചുവെന്ന മന്ത്രി കെ എ തുളസി. വിദ്യാര്‍ത്ഥികളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രിന്‍സിപ്പാളിന്റെ പരാമര്‍ശം ഞെട്ടിക്കുന്നതും നിഷ്‌കളങ്കമല്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രിന്‍സിപ്പാളിന്റെ പരാമര്‍ശത്തെ തുടര്‍ന്നുള്ള ആശങ്ക കേന്ദ്ര സര്‍ക്കാരിനെയും ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

മേള നല്ലരീതിയില്‍ നടക്കണമെന്നത് കൊണ്ടാണ് കൂടുതലൊന്നും പ്രതികരിക്കാഞ്ഞതെന്നും അടുത്ത വര്‍ഷം ഈ വേദിയില്‍ പരിപാടി നടത്തില്ലെന്നും മന്ത്രി പറഞ്ഞു. ആയിരത്തില്‍പ്പരം കുട്ടികള്‍ പങ്കെടുക്കുന്ന കായികമേളയില്‍ ചില മത്സരങ്ങള്‍ അനുവദിച്ച സമയത്തില്‍ നിന്നും അഞ്ചോ പത്തോ മിനിറ്റ് അധികമായാല്‍ പോലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നെന്ന പരാതി ഉയര്‍ന്നതോടെ ഇക്കാര്യവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിനോട് സംസാരിച്ചപ്പോഴാണ് ഇത്തരം പരാമര്‍ശം ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

‘ ഈ ഗ്രൗണ്ട് അന്താരാഷ്ട്ര തലത്തിലെ താരങ്ങള്‍ സ്‌പൈക്ക് ഉപയോഗിച്ച് പരിശീലനം നടത്തുന്നതാണ്. നിങ്ങളുടെ കുട്ടികള്‍ ചെളിയില്‍ പരിശീലനം നടത്തുന്നവരാണ്. അപ്പോള്‍ ആണിയുള്ള ഷൂവോ സാധാരണ ഷൂവോ ധരിച്ചെത്തിയാല്‍ അത് ഗ്രൗണ്ടിന് പ്രശ്‌നമാകും എന്നതരത്തിലാണ്. ഇത്തരം ഗ്രൗണ്ടുകളുടെ പ്രത്യേകതകളെ കുറിച്ച് ഞങ്ങളും അറിവുള്ളവരാണ്. തദ്ദേശീയ ജനതയിലെ പാവപ്പെട്ട കുട്ടികളോട് ഉള്ള ഇത്തരം പരാമര്‍ശം ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. പെട്ടെന്ന് ഉദ്ഘാടനചടങ്ങില്‍ ഇങ്ങനെയൊരു പരാമര്‍ശം വന്നപ്പോള്‍ വേദി മാറ്റാന്‍ കഴിയില്ല. ഉത്തരവാദിത്തപ്പെട്ട ആളുടെ ഭാഗത്ത് നിന്നുണ്ടായ പരാമര്‍ശം കേട്ടത് ഞെട്ടലോടെയാണ്. അപ്പോള്‍ പ്രതികരിച്ചില്ല. നിശ്കളങ്കമായ കമന്റായി തോന്നിയില്ല. ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ നിയന്ത്രിക്കുന്ന വ്യക്തിയില്‍ നിന്നും വരാന്‍ പാടില്ലാത്ത പരാമര്‍ശം ഉണ്ടാകാന്‍ പാടില്ല. തദ്ദേശ ജനവിഭാഗത്തില്‍പ്പെട്ട കുട്ടികളെ കുറിച്ച് വിവേചനപരമായ പരാമര്‍ശം ആരും നടത്താന്‍ പാടില്ല. അതൊരിക്കലും വകുപ്പ് അനുവക്കില്ല. അതില്‍ ആശങ്കയുണ്ട്. അത് ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാരിനെയും ഉന്നത വിദ്യാഭ്യാസ വകുപ്പിനെയും ആശങ്ക അറിയിക്കും. വെറുതെ വിടണ്ട നിഷ്‌കളങ്കമായ ഒരു കമന്റായി അതിനെ കാണാന്‍ കഴിയില്ല. റാണി ലക്ഷ്മി ഭായിയുടെ പേരിലുള്ള ഒരു സ്ഥാപനത്തില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല. ഈ പരാമര്‍ശത്തില്‍ വേദനയുണ്ട്. കുട്ടികള്‍ക്ക് അഭിമാനക്ഷതമുണ്ടാകാതിരിക്കാന്‍ അവരോട് പോലും ഇത് പങ്കുവച്ചില്ല’ – മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button