Uncategorized

‘2024 ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ച സംഭവിച്ചു’; പത്രപ്രവര്‍ത്തക കൂട്ടായ്മയുടെ അന്വേഷണ റിപ്പോര്‍ട്ട്

ഡല്‍ഹി: 2024 ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ച സംഭവിച്ചെന്ന് പത്രപ്രവര്‍ത്തക കൂട്ടായ്മയുടെ അന്വേഷണ റിപ്പോര്‍ട്ട്. വൈകിട്ട് അഞ്ചുമണിക്ക് ശേഷം വോട്ട് ചെയ്തവരുടെ എണ്ണം തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശം ഇല്ല എന്ന് ദി റിപ്പോര്‍ട്ടേഴ്‌സ് കലക്ടീവ്. മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ രേഖകള്‍ പരിശോധിച്ചാണ് കണ്ടെത്തല്‍ പുറത്തുവിട്ടത്.

തിരഞ്ഞെടുപ്പ് ചട്ട പ്രകാരം ഓരോ രണ്ടു മണിക്കൂര്‍ കൂടുമ്പോഴും ചെയ്ത വോട്ടുകളുടെ എണ്ണവും ബൂത്തിലെത്തിയ വോട്ടര്‍മാരുടെ എണ്ണവും ഒത്തു നോക്കണമെന്ന നിയമം നിലനില്‍ക്കെ മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീര്‍ സംസ്ഥാനങ്ങളില്‍ 2024 ലെ ലോക്‌സഭ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ 200 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പിലെ വൈകിട്ട് 5ന് ശേഷമുള്ള കണക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖപ്പെടുത്താത്തതെന്ന് ദി റിപ്പോര്‍ട്ടേഴ്‌സ് കലക്ടീവ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.കമ്മീഷന്റെ ആഭ്യന്തര രേഖകളാണ് മാധ്യമപ്രവര്‍ത്തക കൂട്ടായ്മ പരിശോധിച്ചത്. ആകെ 530 മണ്ഡലങ്ങളിലെ 4212 രേഖകള്‍ ഡിജിറ്റൈസ് ചെയ്ത് വിലയിരുത്തി. മഹാരാഷ്ട്രയിലാണ് വന്‍ വീഴ്ച കണ്ടെത്തിയത്. 114 നിയമസഭാ മണ്ഡലങ്ങളിലെയും 18 ലോക്‌സഭ മണ്ഡലങ്ങളിലെയും കണക്കുകള്‍ ഇല്ല. ജമ്മു കശ്മീരിലെ 44 നിയമസഭാ 5 ലോക്‌സഭ മണ്ഡലങ്ങളിലും ഹരിയാനയിലെ 22 നിയമസഭാ 10 ലോക്‌സഭ മണ്ഡലങ്ങളിലും സമാനമായ വീഴ്ച കണ്ടെത്തി.

അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ വരി നിന്നവര്‍ക്ക് നല്‍കിയ സ്ലിപ്പിന്റെ എണ്ണം രേഖപ്പെടുത്തിയില്ല. മഹാരാഷ്ട്രയില്‍ വൈകിട്ട് അഞ്ചിന് 58.22 ശതമാനമായിരുന്ന പോളിംഗ് അടുത്ത ദിവസം 66.05 ശതമാനമായി ഉയര്‍ന്നിരുന്നു. ഏകദേശം 76 ലക്ഷം വോട്ടുകളുടെ വര്‍ധനവാണ് ഉണ്ടായത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വോട്ടിംഗ് രേഖകളുടെ കൃത്യതയും സംബന്ധിച്ച് പുതിയ ചോദ്യങ്ങളാണ് ഈ കണ്ടെത്തലുകള്‍ ഉയര്‍ത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button