മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുക കൂട്ടായ മുൻഗണനയായിരിക്കണം; കിംസ് ഹെൽത്തിൽ ജീനോമിക്സ് ലബോറട്ടറി ഉദ്ഘാടനം ചെയ്ത് പി. കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: അത്യാധുനിക ജനിതക സാങ്കേതിക വിദ്യയും രോഗനിർണ്ണയ സൗകര്യങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് കിംസ് ഹെൽത്ത് ജീനോമിക്സ് ലബോറട്ടറി വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി കിംസ് ഹെൽത്തിൽ ഉദ്ഘാടനം ചെയ്തു. രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിനും, കൃത്യമായ രോഗനിർണ്ണയത്തിനും, കൂടുതൽ വ്യക്തിഗതമായ ചികിത്സ ഉറപ്പാക്കി ജനിതക ആരോഗ്യ സംരക്ഷണ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനാണ് ഈ കേന്ദ്രം വഴിതുറക്കുന്നത്. രാജ്യത്തെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിൽ മുൻനിരയിലാണ് കേരളം. സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഈ സുപ്രധാന സംരംഭത്തിൽ കിംസ് ഹെൽത്തിനെ താൻ അഭിനന്ദിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രിസിഷൻ മെഡിസിന്റെ പ്രയോജനങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരേണ്ടതുണ്ട്. നൂതനമായ വൈദ്യശാസ്ത്ര സൗകര്യങ്ങളും ചികിത്സകളും എല്ലാവർക്കും പ്രാപ്യവും താങ്ങാനാവുന്നതുമാക്കാൻ സ്വകാര്യ മേഖലയുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് കേരള സർക്കാർ ആഗ്രഹിക്കുന്നത്. ഗുണനിലവാരമുള്ള മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുക എന്നത് നമ്മുടെ കൂട്ടായ മുൻഗണനയായിരിക്കണം-മന്ത്രി പറഞ്ഞു. രോഗങ്ങൾ കൃത്യതയോടെ മുൻകൂട്ടി കണ്ടെത്തിയാൽ വ്യക്തിഗതമായ ചികിത്സ ഉറപ്പാക്കാൻ സാധിക്കും. ജിനോമിക്സിന് ആരോഗ്യമേഖലയിൽ വൻ മാറ്റങ്ങൾ വരുത്താനുള്ള ശേഷിയുണ്ട്. ഇതിന്റെ പ്രയോജനങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായി സർക്കാരും സ്വകാര്യ മേഖലയും ഒന്നിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. സർക്കാരിന്റെ ആരോഗ്യ പദ്ധതികളെ പിന്തുണയ്ക്കാൻ കിംസ് ഹെൽത്ത് എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ ജിനോമിക്സ് ലബോറട്ടറിയിലെ സൗകര്യങ്ങൾ ജനങ്ങൾക്ക് പ്രാപ്യമായ നിരക്കിൽ ലഭ്യമാക്കുമെന്ന് ഡോ. എം. ഐ. സഹദുള്ള അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ഇന്ത്യ 3 ക്ലസ്റ്റർ സിഇഒ വിശാൽ മഹേശ്വരി മുഖ്യപ്രഭാഷണം നടത്തി. ഏറ്റവും മികച്ച ചികിത്സാഗുണങ്ങൾ ലഭിക്കുന്നതിന് ശരിയായ സമയത്ത് ശരിയായ ചികിത്സ നൽകേണ്ടത് അത്യാവശ്യമാണ്. ആദ്യഘട്ടത്തിലെ രോഗനിർണയവും യഥാസമയമുള്ള വൈദ്യസഹായവും ജീവൻ രക്ഷിക്കുന്നതിലും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും നിർണായകമായ പങ്ക് വഹിക്കുന്നു.” ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ഇന്ത്യ 3 ക്ലസ്റ്റർ സിഇഒ വിശാൽ മഹേശ്വരി മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു. ഒരു വ്യക്തിയുടെ ജനിതക ഘടന പഠിച്ച് രോഗസാധ്യത വിലയിരുത്താനും, രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിയാനും, അനുയോജ്യമായ ചികിത്സ ഉറപ്പാക്കാനും സഹായിക്കുന്ന ശാഖയാണ് ജീനോമിക്സ്. ക്ലിനിക്കൽ ജനറ്റിസിസ്റ്റുകൾ, ജനറ്റിക് കൗൺസിലർമാർ, പരിചയസമ്പന്നരായ ഗവേഷണ ശാസ്ത്രജ്ഞർ എന്നിവരടങ്ങുന്ന മൾട്ടിഡിസിപ്ലിനറി ടീം അടങ്ങുന്നതാണ് ലബോറട്ടറി. പൊതു-സ്വകാര്യ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുമായും മെഡിക്കൽ ഗവേഷണ കേന്ദ്രങ്ങളുമായും സഹകരിച്ച് ജനിതക പരിശോധനാ സൗകര്യങ്ങൾ കൂടുതൽ വ്യാപകമാക്കാനും കിംസ് ഹെൽത്ത് പദ്ധതിയിടുന്നുണ്ട്.
ക്യാൻസർ ചികിത്സയ്ക്കും അനുബന്ധ പരിചരണത്തിനും പുറമേ, പ്രത്യുൽപാദന-വന്ധ്യതാ ചികിത്സ, ശിശുരോഗം, ഹൃദ്രോഗം, നാഡീരോഗം, വൃക്കരോഗം, കുട്ടികളിലും മുതിർന്നവരിലും കാണപ്പെടുന്ന അപൂർവ ജനിതക രോഗങ്ങൾ തുടങ്ങി വിവിധ വൈദ്യശാസ്ത്ര മേഖലകളിൽ അത്യാധുനിക ജനിതകശാസ്ത്രം നിർണായക പങ്ക് വഹിക്കുന്നുണ്ട്. പ്രവർത്തനം ആരംഭിച്ച് കുറഞ്ഞ കാലയളവിൽ തന്നെ ഈ ലബോറട്ടറിയിൽ മൂവായിരത്തിലധികം ജനിതക സാമ്പിളുകൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. കിംസ് ഹെൽത്ത് സഹസ്ഥാപകൻ ഇ. എം. നജീബ് സ്വാഗതം ആശംസിച്ചു. ക്ലിനിക്കൽ ജനറ്റിക്സ് ആൻഡ് പ്രിസിഷൻ മെഡിസിൻ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. റോഷൻ ഡാനിയൽ ജിനോമിക്സ് ലബോറട്ടറിയെക്കുറിച്ച് വിശദീകരിച്ചു. കിംസ് ഹെൽത്ത് ക്ലിനിക്കൽ സർവീസസ് ഡയറക്ടർ ഡോ. ബി. രാജൻ നന്ദി രേഖപ്പെടുത്തി.




