ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടൽ; കൊച്ചിയിൽ സൈബർ തട്ടിപ്പ് സംഘം പിടിയിൽ

കൊച്ചി: ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം തട്ടുന്ന സൈബർ തട്ടിപ്പ് സംഘം പൊലീസ് വിരിച്ച വലയിൽ കുടുങ്ങി. എറണാകുളം സ്വദേശികളായ വിപിൻ വിൻസെന്റ്, അജിത് വർഗീസ്, പാലക്കാട് സ്വദേശി മുഹമ്മദ് റോഷൻ എന്നിവരാണ് പിടിയിലായത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകിയാൽ പണം നൽകാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു തട്ടിപ്പ്.
വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി ആളുകളെ പരിചയപ്പെട്ട് ബാങ്ക് അക്കൗണ്ടിലേക്ക് തുക വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങൾ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. പാസ്ബുക്കും എടിഎം കാർഡും ചെക്ക് ബുക്കും കൈക്കലാക്കി തട്ടിപ്പ് സംഘങ്ങൾക്ക് മറിച്ച് വിൽക്കുന്നതായിരുന്നു രീതി.
തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതിനെ തുടർന്ന്, കൊച്ചി സിറ്റി സൈബർ പൊലീസും സൈബർ ഡോമും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മൂവരെയും പിടികൂടിയത്. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ബാങ്ക് രേഖകളും സിം കാർഡുകളും കൈമാറുന്നതിനിടെയാണ് പ്രതികൾ കുടങ്ങിയത്. കൂടുതൽ പ്രതികൾ ഉണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




