ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ വെടിവച്ച ശേഷം ആഭരണങ്ങളുമായി കടന്നുകളഞ്ഞു; പ്രതികൾ ഒളിവിൽ

ജയ്പൂർ: ജയ്പൂരിലെ ജംദോളിയിൽ ജ്വല്ലറി ഉടമകളായ രണ്ട് സഹോദരങ്ങളെ ബൈക്കിലെത്തിയ സംഘം വെടിവയ്ക്കുകയും ഇരുമ്പ് വടികൊണ്ട് അടിക്കുകയും ചെയ്തു. ഇവരെ രക്ഷിക്കാൻ എത്തിയ ഒരു സ്ത്രീയുടെ കാലിനും അക്രമികളുടെ വെടിയേറ്റു. ആക്രമണത്തിന് ശേഷം സംഘം ആഭരണങ്ങളുമായി കടന്നുകളഞ്ഞു. രാധാ ഗോവിന്ദ് വിഹാറിലെ ‘എസ്.ആർ. ജ്വല്ലേഴ്സ്’ എന്ന സ്ഥാപനം പൂട്ടി സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സോനു സ്വർൺകർ (35), നിഷു സോണി (38) എന്നിവരെയാണ് മൂന്നു പേരടങ്ങുന്ന സംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. വെടിയുതിർത്ത് സഹോദരങ്ങളെ സ്കൂട്ടറിൽ നിന്ന് താഴെയിറക്കിയ അക്രമികൾ, ആഭരണങ്ങൾ അടങ്ങിയ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചു. ഇവർ ചെറുത്തുനിന്നപ്പോൾ ഇരുമ്പ് വടികൾ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. രണ്ട് ചെറിയ ആഭരണ പെട്ടികളും ഒരു സ്വർണമാലയും അക്രമികൾ കവർന്നതായി കുടുംബം ആരോപിച്ചു.
ഇവരുടെ നിലവിളി കേട്ട് സീമ ഗുപ്ത (32) എന്ന സ്ത്രീ സഹായത്തിനായി ഓടിയെത്തി. കല്ലുകളുമായി അക്രമികളെ നേരിടാൻ ശ്രമിച്ചെങ്കിലും കൂടുതൽ ആളുകൾ തടിച്ചുകൂടുന്നതിന് മുമ്പ് അക്രമികൾ ഇവരുടെ കാലിലേക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സംഘം അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്തു.
പരിക്കേറ്റ മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
,



