Uncategorized

പ്രണയവും പിന്നാലെ വിവാഹവും, മാസങ്ങൾക്ക് ശേഷം കുടുംബത്തെ ഞെട്ടിച്ചുകൊണ്ട് നവവധുവിന്‍റെ മരണം; കൊലപാതകമെന്ന് ബന്ധുക്കൾ

റാഞ്ചി: ത്സാർഖണ്ഡിൽ നവവധുവായ പിങ്കി മഹ്തോയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും ഭർതൃവീട്ടുകാരെയും അറസ്റ്റ് ചെയ്ത് പൊലീസ്. സ്ത്രീധന പീഡനത്തെത്തുടർന്നുള്ള കൊലപാതകമാണെന്ന കുടുംബത്തിന്‍റെ പരാതിയിൽ ഭർത്താവ് മനീഷ് ശർമ്മ, ഇയാളുടെ അച്ഛൻ ശ്യാം ശർമ്മ, അമ്മ പൂനം ശർമ്മ, ഭർത്താവിന്‍റെ സഹോദരൻ സതീഷ് ശർമ്മ എന്നിവരെയാണ് ആദിത്യപൂർ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഏതാനും മാസങ്ങൾക്ക് മുൻപാണ് പിങ്കി മഹ്തോയും മനീഷ് ശർമ്മയും പ്രണയിച്ച് വിവാഹിതരായത്. ആദിത്യപൂരിലെ ‘ജോയ് നെക്സ്റ്റ്’ അപ്പാർട്ട്മെന്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്‍റെ പേരിൽ ഭർതൃവീട്ടുകാർ പിങ്കിയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായി പിങ്കിയുടെ പിതാവ് ലളിത് മഹ്തോ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ഗർഭിണിയായിരുന്ന പിങ്കിയെ സംഭവദിവസം ഭർതൃവീട്ടുകാർ ക്രൂരമായി മർദ്ദിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. ആദ്യം ജംഷഡ്പൂരിലെ എം.ജി.എം ആശുപത്രിയിലും തുടർന്ന് റാഞ്ചിയിലെ റാഞ്ചീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും പ്രവേശിപ്പിച്ച പിങ്കി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മരണം അപ്പാർട്ട്മെന്‍റിന്‍റെ ടെറസിൽ നിന്ന് ചാടിയുള്ള ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ഭർതൃവീട്ടുകാർ ശ്രമിച്ചതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

സംഭവത്തിൽ ബന്ധുക്കൾ പ്രതിഷേധമുയർത്തിയതിനെ തുടർന്ന് പൊലീസ് നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. അപ്പാർട്ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങൾ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എന്നിവ ശാസ്ത്രീയമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button