Uncategorized

പുന്നോലിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് കടിയേറ്റു; യുവാവിന്റെ മേൽച്ചുണ്ട് പിളർന്നു

തലശ്ശേരി: പുന്നോലിൽ തെരുവുനായയുടെ ആക്രമണത്തിൽ വഴിയാത്രക്കാരന്റെ മേൽച്ചുണ്ട് പിളർന്നു. നായയുടെ കടിയേറ്റ എട്ടുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

പുന്നോൽ ഹുസൈൻമെട്ട ഭാഗങ്ങളിൽ ബുധനാഴ്ച വൈകിട്ടോടെയാണ് കറുത്ത് തടിച്ച തെരുവുനായ നാട്ടുകാരെ ആക്രമിച്ച് ഭീതി പരത്തിയത്. മുന്നിൽപ്പെട്ടവരെയെല്ലാം ചാടിക്കടിച്ച നായയുടെ ആക്രമണത്തിൽ പുന്നോൽ സ്വദേശി ഷിബുരാജിനാണ് മേൽച്ചുണ്ടിന് ഗുരുതരമായി പരിക്കേറ്റത്. ഇതേ മേഖലയിൽ നെഞ്ചിൽ കടിയേറ്റ മത്സ്യത്തൊഴിലാളി നാസർ ഉൾപ്പെടെയുള്ളവരാണ് മറ്റ് പരിക്കേറ്റവർ. നാട്ടുകാരുടെ നേരെ വിരണ്ടോടിയ ആക്രമണകാരിയായ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

പുന്നോലിന് പുറമേ തലശ്ശേരി നഗരസഭയുടെ വിവിധ വാർഡുകളിലും തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പത്രവിതരണക്കാർ, പ്രഭാതസവാരിക്കാർ, വിദ്യാർത്ഥികൾ, ഇരുചക്രവാഹന യാത്രികർ എന്നിവരെല്ലാം കടുത്ത ഭീതിയിലാണ് പുറത്തിറങ്ങുന്നത്. തെരുവുനായ ശല്യം തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button