Uncategorized

പാസ്‌പോർട്ടിന്റെ പേരിൽ വ്യാജ കോൾ; ഒമാനിലെ ഇന്ത്യക്കാർക്ക് എംബസിയുടെ മുന്നറിയിപ്പ്

മസ്കത്ത്: പാസ്‌പോർട്ട്, വിസ, ഇമിഗ്രേഷൻ രേഖകളിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുന്ന വ്യാജ ഫോൺ കോളുകൾക്കെതിരെ ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ഔദ്യോഗിക രേഖകളിൽ പ്രശ്നങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടാനുള്ള ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് എംബസി ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

പാസ്‌പോർട്ട്, വിസ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്നവരെന്ന വ്യാജേനയാണ് ചിലർ ഫോണിൽ ബന്ധപ്പെടുന്നത്. രേഖകളിലെ പ്രശ്നങ്ങൾ പരിഹരിച്ചു നൽകാം എന്ന് പറഞ്ഞ് പണം വാഗ്ദാനം ചെയ്യുന്ന ഇത്തരം കോളുകൾ സാമ്പത്തിക തട്ടിപ്പിന്റെയും ആൾമാറാട്ടത്തിന്റെയും ഭാഗമായിരിക്കാമെന്ന് എംബസി അറിയിച്ചു.

വ്യക്തിഗത വിവരങ്ങൾ കൈമാറരുത്

അപരിചിതർക്ക് പാസ്‌പോർട്ട്, ഒമാൻ റെസിഡന്റ് കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവയുടെ പകർപ്പുകളോ ചിത്രങ്ങളോ കൈമാറരുതെന്ന് എംബസി ആവശ്യപ്പെട്ടു. ഔദ്യോഗിക നടപടികൾക്കായി പണം ആവശ്യപ്പെട്ട് വിളിക്കുന്നവർക്ക് പണം നൽകരുത്. ഫോണിൽ തെളിയുന്ന നമ്പർ മാത്രം വിശ്വസിച്ച് വിളിക്കുന്നയാളുടെ ഔദ്യോഗിക പദവി ഉറപ്പാക്കരുതെന്നും എംബസി വ്യക്തമാക്കി.

വിസ റദ്ദാക്കൽ, നാടുകടത്തൽ, അറസ്റ്റ്, മറ്റ് നിയമനടപടികൾ, ജോലി നഷ്ടപ്പെടൽ എന്നിവ ഉന്നയിച്ച് ഉടൻ പണം നൽകാൻ നിർബന്ധിച്ചാൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. എംബസി ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുന്നവരുടെ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിച്ചു ഉറപ്പുവരുത്തണം.

ഇതിനകം പണം കൈമാറുകയോ ബാങ്കിങ് വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്തവർ ഉടൻ ബാങ്കുമായി ബന്ധപ്പെടുകയും ഒമാനിലെ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകുകയും ചെയ്യണം. തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ എംബസിയുടെ കോൺസുലാർ വിഭാഗത്തെ cons.muscat@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും പ്രവാസി ക്ഷേമ വിഭാഗത്തെ cw.muscat@mea.gov.in എന്ന വിലാസത്തിലും അറിയിക്കാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button