നെടുമ്പാശ്ശേരി വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് വാർത്ത കൊടുത്ത മാധ്യമപ്രവർത്തകനെതിരെ കേസ്; നടപടി ഷാനി മോൾ ഉസ്മാന്റെ പരാതിയിൽ

നെടുമ്പാശ്ശേരി വാഹനാപകടവുമായി ബന്ധപ്പെട്ട് കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശി സുഹൈലിനെതിരെയും സുഹൈലിനെ സഹായിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെയും വാർത്ത കൊടുത്തതിന്റെ പേരിൽ ദൃശ്യമാധ്യമപ്രവർത്തകനെതിരെ പൊലീസ് കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. അരൂർ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ഷാനി മോൾ ഉസ്മാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
നെടുമ്പാശ്ശേരി അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ വേണ്ടി ആലപ്പുഴയിലെ കോൺഗ്രസ് നേതാക്കൾ ഇടപെട്ടു എന്ന വാർത്തകൾ വന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ നേതാക്കൾ ഈ നേതാക്കൾക്കെതിരെ വാർത്താസമ്മേളനം വിളിച്ചത് ഇത് റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർ ടിവിയിലെ മനീഷ് മഹിബാലിനെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഡെപ്യൂട്ടി സ്പീക്കർ കൂടിയായിട്ടുള്ള ആലപ്പുഴ സ്വദേശി ഷാനിമോൾ ഉസ്മാന്റെ പരാതിയിലാണ് കേസ്. വാർത്താ സമ്മേളനത്തിൽ ഡിവൈഎഫ്ഐ നേതാക്കൾ പരോക്ഷമായി ഷാനിമോളിന്റെ പങ്ക് വ്യക്തമാക്കിയിരുന്നു. ഇത് പരസ്യമായി വാർത്ത കൊടുത്തതിനെതിരെയാണ് ഷാനിമോൾ മനീഷിനെതിരെ പരാതി കൊടുത്തത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഷാനി മോൾ ആലപ്പുഴ സൗത്ത് പൊലീസിനെ അടിയന്തരമായി തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയാണ് മൊഴി എടുത്ത് രാത്രിയോടെ എഫ്ഐആർ രേഖപ്പെടുത്തിയത്. സൗത്ത് പൊലീസിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി കേസ് എടുത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നു വരുന്നുണ്ട്. ഷാനി മോൾ ഉസ്മാൻ അധികാര ദുർവിനിയോഗം നടത്തിയെന്നാണ് പരക്കെ ആക്ഷേപം ഉയരുന്നത്. അപകടത്തിനുശേഷം പ്രതികൾക്കെതിരെ എഫ്ഐആർ ഇട്ടത് അഞ്ചു മണിക്കൂറിനു ശേഷമാണ് എന്നാൽ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ അടിയന്തരമായി പൊലീസിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ നിരവധി പരാതികൾ ഉണ്ടായിട്ടും എഫ്ഐആർ ഇടാൻ മടി കാണിക്കുന്ന പൊലീസ് ആണ് ഡെപ്യൂട്ടി സ്പീക്കറുടെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്ത് എത്തി അടിയന്തരമായി എഫ്ഐആറിട്ട് കേസെടുത്തത്.




