സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; 5 ജില്ലകളില് ഓറഞ്ച് അലേര്ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പ്. 5 ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിരിക്കുന്നത്. കണ്ണൂര്, കോഴിക്കോട്, വയനാട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകള്ക്ക് യെല്ലോ അലേര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
നാളെ 5 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. കാസര്കോട്, കണ്ണൂര്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്ക്ക് നാളെ യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില് 24 മണിക്കൂറില് 115.6 മില്ലിമീറ്റര് മുതല് 204.4 മില്ലിമീറ്റര് വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗത്തില് കാറ്റിനും സാധ്യതയുണ്ട്.തുലാവര്ഷം ആരംഭിച്ചതായി കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കാലവര്ഷം രാജ്യത്തുനിന്ന് പൂര്ണമായി പിന്വാങ്ങിയതിന് പിന്നാലെ കേരളത്തിന് പുറമേ തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്, മാഹി എന്നിവിടങ്ങളില് വടക്കുകിഴക്കന് മണ്സൂണ് മഴയ്ക്ക് തുടക്കമായി. ഡിസംബര് വരെയും തുലാവര്ഷം തുടരും. വടക്കന് കാറ്റ് ശക്തമായി വീശുന്ന സാഹചര്യത്തിലാണ് തുലാവര്ഷം പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില് ശക്തമായ മഴയാകും ഉണ്ടാകുക. വൈകുന്നേരത്തോടെ ഇടിമിന്നലോട് കൂടിയ മഴയാകും ഉണ്ടാകുകയെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.




