‘എംഎല്എമാരെ കാണാന് കൂട്ടാക്കുന്നില്ല’; കോണ്ഗ്രസ് നിയമസഭാകക്ഷി യോഗത്തില് PC വിഷ്ണുനാഥ്, KM ഷാജി, CP ജോണ് എന്നിവര്ക്കെതിരെ രൂക്ഷ വിമര്ശനം

തിരുവനന്തപുരം: കോണ്ഗ്രസ് നിയമസഭാകക്ഷി യോഗത്തില് യോഗത്തില് മന്ത്രിമാര്ക്കെതിരെ രൂക്ഷ വിമര്ശനം. മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ എം ഷാജി, സി പി ജോണ് എന്നിവര്ക്കെതിരെയാണ് വിമര്ശനം. എംഎല്എമാരെ കാണാന് കൂട്ടാക്കുന്നില്ലെന്നും ആവശ്യങ്ങള് പരിഗണിക്കുന്നില്ലെന്നുമാണ് കുറ്റപ്പെടുത്തലുകള്. യോഗത്തില് മാത്യു കുഴല്നാടന് എംഎല്എയ്ക്കെതിരെയും രൂക്ഷ വിമര്ശനമുയര്ന്നു. തങ്ങളുടെ അഭിപ്രായം പറയാന് ആരും മാത്യുവിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജ്യോതികുമാര് ചാമക്കാല പറഞ്ഞു.ഇന്നലെ വൈകുന്നേരം ചേര്ന്ന യോഗത്തിലാണ് രൂക്ഷമായ വിമര്ശനമുയര്ന്നത്. വിഷ്ണുനാഥിനെതിരെ കുന്നത്തുനാട് എംഎല്എയായ വി.പി.സജീന്ദ്രനാണ് ആഞ്ഞടിച്ചത്. ടൂറിസം മന്ത്രി എംഎല്എമാരെ കാണാന് പോലും കൂട്ടാക്കുന്നില്ലെന്ന് സജീന്ദ്രന് പറഞ്ഞു. പല പദ്ധതികളുമായി ബന്ധപ്പെട്ടും മണ്ഡലത്തിലെ വിഷയങ്ങളുമായി ബന്ധപ്പെട്ടും മന്ത്രിയെ സമീപിക്കുമ്പോള് അനുകൂലമായ പ്രതികരണം ലഭിക്കുന്നില്ല എന്നും സജീന്ദ്രന് വ്യക്തമാക്കി. വിമര്ശനങ്ങള് കടുത്തതോടെ തനിക്ക് ചില പോരായ്മകള് പറ്റിയിട്ടുണ്ടെന്ന് വിഷ്ണുനാഥ് യോഗത്തില് സമ്മതിക്കുകയും ചെയ്തു.സ്ഥലംമാറ്റ വിഷയത്തില് തദ്ദേശ മന്ത്രിയില് നിന്ന് നീതി കിട്ടിയില്ലെന്ന്ജ്യോതികുമാര് ചാമക്കാലയും പറഞ്ഞു. സ്ഥലംമാറ്റപ്പെട്ടവരെ സഹായിക്കുന്നതരത്തില് മന്ത്രിയുടെ ഇടപെടല് ഉണ്ടായെന്ന് ജ്യോതികുമാര് ആരോപിച്ചു. വിമര്ശനം താന് നേരിട്ട് മന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത മന്ത്രി കോണ്ഗ്രസ് എംഎല്എമാരുടെ ആവശ്യങ്ങള് പരിഗണിക്കുന്നില്ലെന്ന് എം.വിന്സന്റ് വ്യക്തമാക്കി. മന്ത്രിയെ കാണാന് അവസരം ലഭിക്കുന്നില്ലെന്നും വിമര്ശനമുണ്ട്.
സര്ക്കാരിന്റെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗത്തിന്റെ തുടക്കത്തില് തന്നെ മാത്യു കുഴല്നാടന് എംഎല്എ ചില വിമര്ശനങ്ങള് ഉന്നയിച്ചിരുന്നു. എംഎല്എമാരുടെ പൊതു അഭിപ്രായം എന്ന നിലയിലായിരുന്നു ഇക്കാര്യം അദ്ദേഹം ഉന്നയിച്ചത്. എന്നാല്, എംഎല്എമാരുടെ അഭിപ്രായം പറയാന് മാത്യു കുഴല് നാടനെ തങ്ങളാരും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് ജ്യോതികുമാര് ചാമക്കാല വിമര്ശിച്ചത്.




