Uncategorized

15 വർഷത്തിനിടെ ഏഴ് മരണങ്ങൾ ; കൂടത്തിൽ തറവാട്ടിൽ നടന്നതെന്ത്? ആരാണ് കാര്യസ്ഥൻ രവീന്ദ്രൻ നായർ?

കോഴിക്കോട് ജില്ലയിലെ കൂടത്തായി കൊലപാത പരമ്പരയ്ക്ക് ശേഷം ഇപ്പോൾ തിരുവനന്തപുരത്തെ കരമന കൂടത്തിൽ തറവാട്ടിലെ മരണങ്ങളും കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി നടത്തിയ ക്രൂരവും നി​ഗൂഢവുമായ കൊലപാതകങ്ങളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.

തിരുവനന്തപുരം ജില്ലയിലെ കരമനയിൽ കാലടി കുളത്തറയിലെ റോഡരികിലാണ് ഉമാമന്ദിരം എന്ന പേരിൽ ആ തറവാട് വീട് സ്ഥിതി ചെയ്യുന്നത്. കൂടത്തിൽ തറവാട് എന്നാണ് നാട്ടുകാർ വിളിക്കുന്നത്. ജില്ലയിലെ പുരാതനമായ സമ്പന്ന കൂട്ടുകുടുംബം. 1995 ന് ശേഷം കുടുംബത്തിൽ തുടർച്ചയായി നടന്ന ദുരൂഹ മരണങ്ങൾ തറവാടിനെ തന്നെ ഇല്ലാതാക്കി.

കൂടത്തിൽ തറവാട്ടിലെ കോടികളുടെ സ്വത്തിന്റെ അനന്തരാവകാശികളായ ഏഴ് പേരാണ് 15 വർഷത്തിനിടയിൽ മരണപ്പെട്ടത്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ ജ്യേഷ്ഠൻമാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവൻ, ഉണ്ണികൃഷ്ണൻ നായർ എന്നിവരാണു നിശ്ചിത ഇടവേളകളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. തറവാട്ടിലെ സ്വത്തിന്റെ അനന്തരാവകാശികളായിരുന്നു കൊല്ലപ്പെട്ട ഓരോരുത്തരും.

2017 ഏപ്രിൽ രണ്ടിനാണ് തറവാട്ടിലെ സ്വത്തിന്റെ അവസാനത്തെ അന്തരാവകാശിയായ ജയമാധവൻ നായർ കൊല്ലപ്പെടുന്നത്. ഈ കേസിലാണ് ഇപ്പോൾ കാര്യസ്ഥൻ രവീന്ദ്രൻ നായർ അറസ്റ്റിലായിരിക്കുന്നത്. അന്നേദിവസം രാവിലെ തറവാട്ടിലെത്തിയപ്പോൾ ജയമാധവൻ നായരെ ബോധംകെട്ടു കിടക്കുന്ന നിലയിൽ കണ്ടെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്നുമാണ് കാര്യസ്ഥൻ രവീന്ദ്രൻ നായർ മൊഴി നൽകിയിരുന്നത്. എന്നാൽ അബോധാവസ്ഥയിലായ വിവരം അയൽവാസികളെ അറിയിച്ചിരുന്നില്ലെന്നാണ് കുടുംബാംഗമായ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ പ്രസന്നകുമാരിയുടെ പരാതിയിൽ പറയുന്നത്. തൊട്ടടുത്ത് ആശുപത്രി ഉണ്ടായിട്ടും ദൂരെയുള്ള ആശുപത്രിയിലേക്ക് ജയമാധവനെ കൊണ്ടുപോയതിലും അന്ന് സംശയം ഉയർന്നിരുന്നു.

തലക്കേറ്റ പരിക്കും ശ്വാസംമുട്ടിക്കലും മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. ഫൊറൻസിക് പരിശോധനയിൽ മരണത്തിൽ അസ്വഭാവികത കണ്ടെത്തുകയും ചെയ്തു. അതോടെ നാട്ടുകാരും ബന്ധുക്കളും പ്രകടിപ്പിക്കുന്ന കൊലപാതകമെന്ന സംശയത്തിൽ കഴമ്പുണ്ടെന്ന് പൊലീസും ഉറപ്പിച്ചു.

തലേന്നു രാത്രി പത്തുമണി വരെ ജയമാധവൻ തന്നോട് സംസാരിച്ചിരുന്നുവെന്നാണ് രവീന്ദ്രൻ നായർ പോലീസിന് മൊഴി നൽകിയത്. രാത്രിക്ക് തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്നും അടുത്ത ദിവസം രാവിലെ ഏഴ് മണിക്ക് തറവാട്ടിലേക്ക് ചെന്നപ്പോൾ ജയമാധവൻ നായർ ടി വി വെച്ചിരുന്ന ഹാളിൽ കുഴഞ്ഞുവീണുകിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു മൊഴി. അയൽവാസിയെ കൂട്ടിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് രവീന്ദ്രൻ നായർ പൊലീസിനോട് ആദ്യം പറഞ്ഞത്. വീടിന് അകലെയായി താമസിക്കുന്ന വീട്ടുജോലിക്കാരി ലീലയെ കൂട്ടിയാണ് ജയമാധവൻ നായരെ ആശുപത്രിയിൽ എത്തിച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.

ഇതിനിടയിൽ ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി വ്യാജമാണെന്നും ഇയാൾക്ക് അഞ്ചു ലക്ഷം രൂപ കാര്യസ്ഥൻ രവീന്ദ്രൻ നായർ നൽകിയതായും കണ്ടെത്തി. മെഡിക്കൽ കോളേജിൽ വെച്ച് ജയമാധവൻ നായരുടെ പോസ്റ്റ്‌മോർട്ടം ഒഴിവാക്കാനുള്ള ശ്രമവും നടന്നിരുന്നു. മാത്രമല്ല, ജോലിക്കാരിയുടെയും ഒപ്പമുണ്ടായിരുന്ന മുൻ കാര്യസ്ഥൻ സഹദേവന്റെയും രവീന്ദ്രൻ നായരുടെയും മൊഴികളിൽ വൈരുധ്യം ഉണ്ടായിരുന്നു.സ്വത്ത് തട്ടിയെടുക്കാനായി ഉണ്ടാക്കിയ വ്യാജ വിൽപത്രവും അന്വേഷണത്തിന്റെ ഭാ​ഗമായി കണ്ടെത്തി. കാര്യസ്ഥൻ രവീന്ദ്രൻ നായരും ഇയാളുടെ ചില ബന്ധുക്കളും ചേർന്ന് കൂടത്തിൽ തറവാട്ടിലെ സ്വത്തുക്കൾ തങ്ങൾക്ക് ഇഷ്ടദാനമായി ലഭിച്ചതാണെന്ന് വിൽപത്രം ഉണ്ടാക്കുകയായിരുന്നു. ഇതോടെയാണ് രവീന്ദ്രൻ നായർക്ക് കൊലപാതകത്തിൽ നിർണായക പങ്കുണ്ടെന്ന നി​ഗമനത്തിലേക്ക് പൊലീസ് എത്തുന്നത്. ഫൊറൻസിക് തെളിവുകൾ, സാക്ഷിമൊഴികൾ എന്നിവയും ബ്രെയിൻ മാപ്പിങ് ഉൾപ്പെടെയുള്ള പരിശോധനയും നടത്തിയാണ് പൊലീസ് തെളിവുകൾ ശേഖരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള ജയമാധവൻ നായർ അവിവാഹിതരായിരുന്നു. അദ്ദേഹം വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയെണ് സ്വത്തുക്കൾ നഷ്ടമാകുമെന്ന ആശങ്കയിൽ കൊലപാതകം നടത്തിയത്.

കാര്യസ്ഥൻ രവീന്ദ്രൻ നായരിലൂടെ ഇനി തറവാട്ടിലെ ബാക്കി ആറ് പേരുടെ മരണത്തിന്റെ ദുരൂഹതയും മറനീക്കി പുറത്തുവരാനുണ്ട്. വരും ദിവസങ്ങളിൽ വർഷങ്ങളായുള്ള നാടിന്റെ സംശയങ്ങൾക്ക് മറുപടി ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button