മലപ്പുറം വണ്ടൂരിൽ ഹോട്ടലില് ഭക്ഷണം കഴിച്ചവര്ക്കിടയില് മഞ്ഞപ്പിത്തം രോഗവ്യാപനം; ഒരു മരണം, 93 പേര്ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ഹോട്ടലില്നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കാളികാവിലെ വ്യാപാരി മരിച്ചു. കാളികാവ് ജങ്ഷനിലെ കൊച്ചുകുടിയില് ഹോം അപ്ലയന്സസ് ഉടമയും പെവുന്തറ സ്വദേശിയുമായ അച്ഛിപ്ര സത്താര് (45) ആണ് മരിച്ചത്. വണ്ടൂരില് ഹോട്ടലില്നിന്ന് ഭക്ഷണം കഴിച്ചവര്ക്കിടയില് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിലാണ് മരണം. പ്രദേശത്ത് ഇതുവരെ 93 പേര്ക്ക് രോഗം സ്ഥിരീകരിച്ചതായാണ് വിവരം.
മഞ്ഞപ്പിത്തം കരളിനെ ഗുരുതരമായി ബാധിച്ചതിനെ തുടര്ന്ന് സത്താറിനെ കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതോടെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി ചികിത്സ നല്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. രോഗം ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതാണ് മരണത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.
വണ്ടൂര്മഞ്ചേരി റോഡില് അടുത്തിടെ പ്രവര്ത്തനം ആരംഭിച്ച ഹോട്ടലില്നിന്ന് ഭക്ഷണം കഴിച്ചവര്ക്കിടയിലാണ് മഞ്ഞപ്പിത്തബാധ കൂടുതലായി റിപ്പോര്ട്ട് ചെയ്തത്. ഒരേ ഹോട്ടലില്നിന്ന് ഭക്ഷണം കഴിച്ച നിരവധി പേര്ക്ക് രോഗലക്ഷണങ്ങള് ഉണ്ടായതോടെ സംഭവത്തില് ആശങ്ക വര്ധിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 93 ആയതോടെ പ്രദേശത്തെ ആരോഗ്യസുരക്ഷാ സംവിധാനങ്ങളും നിരീക്ഷണവും കൂടുതല് ശക്തമാക്കേണ്ട സാഹചര്യമാണുള്ളത്




