എസ് എഫ് ഐ പ്രവർത്തകർക്കെതിരായ അതിക്രമം: ക്രിമിനൽ പൊലീസുകാരെ കയറൂരി വിടുന്ന സമീപനം അംഗീകരിക്കാനാകില്ലെന്ന് പിണറായി

പാലക്കാട്: എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ പൊലീസ് ഉദ്യോഗസ്ഥന് മദ്യപിച്ചെത്തി ഇടിവളയിട്ട് മര്‍ദ്ദിച്ച സംഭവത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്. നടന്നത് നാടിനെ ഞെട്ടിക്കുന്ന സംഭവമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എസ്ഐആര്‍ വിഷയത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ സംഘപരിവാര്‍ മാതൃകയില്‍ ലാത്തിയും ലഹരിയും നല്കി ക്രിമിനലുകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ഇവിടുത്തെ യുഡിഎഫ് സര്‍ക്കാരും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിക്കുന്നത് വരെ കാത്തിരിക്കുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ലെന്നും പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ്ണമായ പരാജയമാണിത്. മദ്യപിച്ച് ഡ്യൂട്ടിക്കെത്തി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കാന്‍ ഒരു പൊലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നതെന്നും പിണറായി വിജയന് ചോദിച്ചു.
ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താന്‍ ഇത്തരം ക്രിമിനല്‍ പൊലീസുകാരെ കയറൂരി വിടുന്ന സമീപനം അംഗീകരിക്കാനാകില്ല. സംഘപരിവാറിന്റെ ഫാസിസ്റ്റ് നയം കേരളത്തില്‍ നടപ്പാക്കിയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഈ നാട് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് ഓര്‍മപ്പെടുത്തി.




