സിജെപി ആർഎസ്എസിൻ്റെ മറ്റൊരു പദ്ധതിയാണെന്ന പ്രസ്താവന; വാക്ക് പിഴവ് സംഭവിച്ചതാണെന്ന് പി സരിൻ

തിരുവനന്തപുരം: സിജെപി ആർഎസ്എസിൻ്റെ മറ്റൊരു പദ്ധതിയാണെന്ന് തിരിച്ചറിയുമെന്ന് നടത്തിയ പ്രസ്തതാവന ഗുരുതരമായ വാക്ക് പിഴവാണെന്ന് ഏറ്റുപറഞ്ഞ് സിപിഎം നേതാവ് പി സരിൻ. ഡൽഹിയിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞ ഈ പ്രസ്താവന പാർട്ടിയുടേതല്ലെന്നും തനിക്ക് സംഭവിച്ച വാക്ക് പിഴവാണെന്നും പി സരിൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഞാൻ മനസ്സിൽ ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞതെന്നും സിജെപിയും ഇന്ന് അവിടെ നടന്ന മാർച്ചിൽ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ചു പോകുക മാത്രമായിരുന്നു ഉദ്ദേശമെന്നും സരിൻ പറഞ്ഞു. ഡൽഹിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സരിൻ സിജെപി ആർഎസ്എസിൻ്റെ മറ്റൊരു പദ്ധതിയാണെന്ന നിലയിൽ പ്രസ്താവന നടത്തിയത്. പിന്നീട് ഇത് വിവാദമായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം
ഇന്ന് ഡൽഹിയിലെ സമരമുഖത്ത് നിന്നുകൊണ്ട് ചാനലുകളോട് പ്രതികരിക്കുമ്പോൾ സിജെപിയെ കുറിച്ച് പറഞ്ഞ അഭിപ്രായം എന്റെ പാർട്ടിയുടേതല്ല, എന്നും, അത് എന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വാക്ക് പിഴവാണെന്നും ആദ്യമേ ഏറ്റു പറയട്ടെ.
എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി സിജെപിയും ഇന്ന് അവിടെ മാർച്ചിൽ പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവെച്ചു പോകുക മാത്രമായിരുന്നു ഉദ്ദേശം.’CJP ആർഎസ്എസിന്റെ പദ്ധതിയാണ്’ എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാൻ കഴിയുന്ന ഒരവസരം സിജെപി ആയിത്തന്നെ ഉണ്ടാക്കി കൊടുക്കരുത് എന്ന് പറയാൻ മാത്രമാണ് ഉദ്ദേശിച്ചത്. എന്നാൽ, ഞാൻ മനസ്സിൽ ഉദ്ദേശിച്ചതല്ല എനിക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞത്.അച്ചടക്കമുള്ള ഒരു പാർടി അംഗം എന്ന നിലയിൽ ഇത് എന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് ആണെന് മനസ്സിലാക്കുന്നു. അതിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുന്നു.
സിജെപി എന്നത് ലോകമാകെ ശ്രദ്ധിക്കുന്ന ഒരു യുവജന പ്രസ്ഥാനമാണ്. അതിനെ പറ്റി തീർത്തും നിരുത്തരവാദപരമായ നിലയിൽ ഒരു രാഷ്ട്രീയപ്രസ്താവന നടത്തിയതിലെ അനൗചിത്യം ഈ വൈകിയ വേളയിൽ തിരിച്ചറിയുന്നു.രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാൻ പോരാടുന്ന മുഴുവൻ സമരസഖാക്കൾക്കും അഭിവാദ്യങ്ങൾ. തെറ്റുകൾ ചൂണ്ടിക്കാട്ടിയ എന്റെ പ്രിയ സഖാക്കൾക്ക് നന്ദി.




