Uncategorized

പരിയാരം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവ് ആരോപണം; അന്വേഷണത്തിനായി കമ്മീഷനെ നിയമിച്ചു

കണ്ണൂർ പരിയാരം സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു. ശസ്ത്രക്രിയയ്ക്ക് എത്തിയ ഇരിട്ടി സ്വദേശി ഫാത്തിമ മരിച്ച സംഭവത്തിലാണ് നടപടി. നാലംഗ അന്വേഷണ സമിതിയാകും പരാതി അന്വേഷിക്കുക. കോഴിക്കോട് മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം പ്രൊഫസർ ഡോ. അഷറഫ് ടി.പിയുടെ അധ്യക്ഷതയിലാണ് അന്വേഷണ കമ്മീഷന്‍.

ഹൃദയ വാല്‍വ് ശസ്ത്രക്രിയയ്ക്കായാണ് ഫാത്തിമയാണ്‌ ആശുപത്രിയില്‍ എത്തിയത്. ചൊവാഴ്ച രാവിലെ ഒമ്പതോടെ ഫാത്തിമയെ ഓപ്പറേഷന്‍ തീയേറ്ററില്‍ കയറ്റിയെങ്കിലും അക്കാര്യം കൃത്യമായി അറിയിച്ചിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. കീ ഹോള്‍ ശസ്ത്രക്രിയ എന്നാണ് ഡോക്ടര്‍മാര്‍ പറ​ഞ്ഞിരുന്നത്. എന്നാല്‍ ചെയ്തത് ഓപ്പണ്‍ ശസ്ത്രക്രിയ ആയിരുന്നു. എല്ലാ കഴിഞ്ഞശേഷമാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്. കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയത്. വൈകിട്ടോടെ പള്‍സ് കുറഞ്ഞ് ഗുരുതര നിലയിലായി. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഭർത്താവ് കുഞ്ഞുമുഹമ്മദ്‌ ആവശ്യപ്പെട്ടു. ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചതോടെ സ്ഥലത്തെത്തിയ പരിയാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. അതേസമയം, ഫാത്തിമയുടെ മഹാധമനിയിലെ പ്രശ്നത്തിനാണ് കീ ഹോള്‍ സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചതെങ്കിലും, മറ്റു ധമനികള്‍ക്കും കുഴപ്പമുണ്ടെന്ന് കണ്ടതിനാലാണ് ഓപ്പണ്‍ സര്‍ജറി ചെയ്യേണ്ടി വന്നതെന്നാണ് ആശുപത്രിയുടെ വീശദീകരണം. എന്നാല്‍, ഇക്കാര്യം ബന്ധുക്കളെ കൃത്യമായി അറിയിക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button