Uncategorized

വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിയെത്തി, പിടിവിടല്ലേയെന്ന് ഉണ്ണികൃഷ്ണനും വിശാഖും; യുവതിക്ക് രക്ഷകരായി യുവാക്കൾ

കൊല്ലം: കല്ലടയാറ്റിലെ ഒഴുക്കിൽപെട്ട വീട്ടമ്മയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് യുവാക്കൾ. ഏറത്തുകുളക്കട കണ്ണങ്കോട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ, വടശേരിൽ വീട്ടിൽ വിശാഖ് എന്നിവരാണ് യുവതിയുടെ ജീവന് രക്ഷകരായത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മറുകരയിൽനിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ട് ആറിന് സമീപം താമസിക്കുന്ന ഇവർ ഓടിയെത്തിയത്.

നദിയിൽ ഒഴുക്കിൽപെട്ട സ്ത്രീയെ ഉണ്ണികൃഷ്ണനാണ് ആദ്യം കണ്ടത്. വിശാഖും പിന്നാലെയെത്തി. വള്ളിപ്പടർപ്പിൽ പിടികിട്ടിയതോടെ യുവതി അതിൽ പിടിച്ചു കിടന്നു. ഒരിക്കലും പിടിവിടാതിരിക്കാൻ വേണ്ട നിർദേശങ്ങൾ ഇരുവരും യുവതിക്ക് നൽകി. പഞ്ചായത്ത് മെമ്പർ സുജിത് കുമാറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തക സംഘത്തെ ഉടൻ തന്നെ ഏനാത്ത് പാലത്തിന്റെ ഭാഗത്തുൾപ്പെടെ ക്രമീകരിക്കുകയും ചെയ്തു.

ഒഴുക്ക് ശക്തമായിരുന്നെങ്കിലും വള്ളിപ്പടർപ്പിൽ പിടിവിടാതെ കിടന്ന സ്ത്രീയെ ഉണ്ണികൃഷ്ണനും വിശാഖും ചേർന്നു കയർ എറിഞ്ഞു കൊടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. ഏനാത്ത് പൊലീസ് എത്തിയാണ് യുവതിയെ അടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്തമണിനു സമീപത്തെ മൂഴിക്കൽ കടവിൽ നിന്നാണ് ഇവർ വെള്ളത്തിൽ വീണത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ് ഉണ്ണികൃഷ്ണൻ. എൻജിനീയറിങ് വിദ്യാർത്ഥിയാണ് വിശാഖ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button