മുണ്ടംവേലി ഫ്ലാറ്റ് നിര്‍മ്മാണത്തിലെ അപാകത: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കൊച്ചി: കൊച്ചി മുണ്ടംവേലി ഫ്ലാറ്റ് നിര്‍മ്മാണത്തിലെ അപാകതയില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കൊച്ചി മുണ്ടംവേലി പി ആന്‍ഡ് ടി ഫ്ലാറ്റ് സമുച്ചയ നിര്‍മ്മാണത്തില്‍ നടന്ന ഗുരുതരമായ ക്രമക്കേടുകളിലും സാമ്പത്തിക അഴിമതിയിലുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയത്. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലെ കണ്ടെത്തലുകളുടെയും സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്.
ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മിച്ച ഫ്ലാറ്റിലാണ് ഗുരുതരക്രമക്കേട് നടന്നതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നത്. ഒരു വര്‍ഷത്തിലുള്ളില്‍ ഫ്ലാറ്റ് വാസയോഗ്യമല്ലാതായെന്ന് നിരവധി പരാധികള്‍ ഉയര്‍ന്നിരുന്നു. ജിസിഡിഎക്ക് ഗുരുതര പിഴവ് സംഭവിച്ചെന്നാണ് ആരോപണം. നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നാണ് പരാതി. ഇതിനെതിരെ താമസക്കാര്‍ പ്രതിഷേധിച്ചിരുന്നു. ജിസിഡിഎ അഴിമതി നടത്തിയെന്നും കരാറില്‍ വീഴ്ച സംഭവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടത്തിയത്. മുണ്ടംവേലി പി ആന്‍ഡ് ടി ഫ്ലാറ്റ് നിര്‍മാണത്തിലെ അപാകതകള്‍ നിയമസഭയില്‍ ഉന്നയിച്ചത് മുഹമ്മദ് ഷിയാസ് എംഎല്‍എ രംഗത്ത് വന്നിരുന്നു. വിഷയം ചര്‍ച്ച ചെയ്ത മുഖ്യമന്ത്രി വിഡി സതീശന് മുണ്ടംവേലി ഫ്ലാറ്റ് പൊളിച്ചു കളയണമെന്നായിരുന്നു പറഞ്ഞത്.
2024ല്‍ ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയത്തിലാണ് ഗുരുതരമായ നിര്‍മാണ തകരാറുകള്‍ കണ്ടെത്തിയത്. താമസം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ഫ്ലാറ്റില്‍ കനത്ത ചോര്‍ച്ചയുണ്ടായെന്നതടക്കം ചൂണ്ടിക്കാട്ടി താമസക്കാര്‍ നിരന്തരം പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ വിഷയത്തില്‍ കര്‍ശന നടപടിയിലേക്ക് കടക്കുന്നത്. അപാകതകള്‍ വ്യക്തമായ പശ്ചാത്തലത്തില്‍ ഫ്ലാറ്റിലെ താമസക്കാരെ മാറ്റി പാര്‍പ്പിക്കാനാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.




