സ്റ്റോപ്പ് എത്തും മുന്‍പേ വിളിച്ചറിയിക്കും, അപകടത്തില്‍ കൂട്ടായി നില്ക്കും;കെഎസ്ആര്‍ടിസി യാത്രയില്‍ കരുതലിന്റെ ‘പിങ്ക് സ്പര്‍ശ’വുമായി കീര്‍ത്തന

ബസില്‍ ഒറ്റയ്ക്ക് മുന്പരിചയമില്ലാത്തൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഒരു ടെന്‍ഷനുണ്ട്, ‘സ്റ്റോപ്പ് എത്താറായോ’ എന്ന സംശയം. ദീര്‍ഘദൂര യാത്രയാണെങ്കില്‍ ഒന്നു മയങ്ങാമെന്നു വച്ചാല്‍ ഈ ടെന്‍ഷന്‍ കാരണം ഉറക്കം ഫുട്ബോര്‍ഡ് കടന്ന് അകത്തേക്ക് കയറില്ല. ഇതുമാത്രമല്ല, ബസില്‍ തിരക്കായിരിക്കുമോ, ഇരിക്കാന്‍ സീറ്റ് കിട്ടുമോ തുടങ്ങി ഒരു യാത്രയില്‍ ഉണ്ടാകാനിടയുള്ള എല്ലാ ആശങ്കകള്‍ക്കും കെഎസ്ആര്‍ടിസി ബസില്‍ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് എന്‍ജിനിയറിങ് വിദ്യാര്‍ഥിനിയായ കീര്‍ത്തന സാറ കിരണ്‍. ചുരുക്കിപ്പറഞ്ഞാല്‍ കെഎസ്ആര്‍ടിസി യാത്രയില്‍ അദൃശ്യമായൊരു കൂട്ടായി മാറുകയാണ് കീര്‍ത്തന വികസിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോം ‘പിങ്ക് സ്പര്‍ശം’.തിരക്കേറിയ ബസില്‍, ഒറ്റയ്ക്കുള്ള യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും ബുദ്ധിമുട്ടുകളോ ശല്യങ്ങളോ നേരിടേണ്ടിവരുമ്പോള്‍ ‘ഒരാള്‍ കൂടെയുണ്ടായിരുന്നെങ്കില്‍, സമയത്ത് സഹായം ലഭിച്ചിരുന്നെങ്കില്‍’ എന്ന് ചിന്തിച്ചുപോകുന്നവര്‍ക്ക് വിരല്‍ത്തുമ്പില്‍ അതു ലഭിക്കുന്ന തരത്തിലാണ് ‘പിങ്ക് സ്പര്‍ശം’ ഒരുക്കിയിരിക്കുന്നത്. സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗത യാത്ര എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് പിങ്ക് സ്പര്‍ശം.
തിരക്കേറിയ ബസില്‍, ഒറ്റയ്ക്കുള്ള യാത്രയ്ക്കിടയില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും ബുദ്ധിമുട്ടുകളോ ശല്യങ്ങളോ നേരിടേണ്ടിവരുമ്പോള്‍ ‘ഒരാള്‍ കൂടെയുണ്ടായിരുന്നെങ്കില്‍, സമയത്ത് സഹായം ലഭിച്ചിരുന്നെങ്കില്‍’ എന്ന് ചിന്തിച്ചുപോകുന്നവര്‍ക്ക് വിരല്‍ത്തുമ്പില്‍ അതു ലഭിക്കുന്ന തരത്തിലാണ് ‘പിങ്ക് സ്പര്‍ശം’ ഒരുക്കിയിരിക്കുന്നത്. സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗത യാത്ര എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ് കൂടിയാണ് പിങ്ക് സ്പര്‍ശം.
Read Also: ഏഷ്യൻ ഗെയിംസ്; മകളുടെ മെഡൽ നേട്ടത്തിൽ അഭിമാനം, വിദർശയുടെ മാതാപിതാക്കൾ
യാത്രക്കാരന്റെ സുരക്ഷയും സൗകര്യവും ഒരുപോലെ പരിഗണിച്ചാണ് പിങ്ക് സ്പര്‍ശത്തിന്റെ ഓരോ ഫീച്ചറും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബസിനകത്ത് തന്നെ സുരക്ഷാ ഗ്രൂപ്പ് രൂപീകരിക്കാനുള്ള സൗകര്യം, സ്റ്റോപ്പ് എത്തുന്നതിന് മുമ്പ് ലഭിക്കുന്ന മുന്നറിയിപ്പ്, ബസിലെ തിരക്ക് മുന്‍കൂട്ടി അറിയാനുള്ള സംവിധാനം, നഷ്ടപ്പെട്ട വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് സംവിധാനം തുടങ്ങി യാത്രാനുഭവത്തെ കൂടുതല്‍ സുരക്ഷിതവും ലളിതവുമാക്കുന്ന ഒരുപിടി ഫീച്ചറുകളാണ് പ്ലാറ്റ്ഫോമിലുള്ളത്.
തിരുവനന്തപുരം എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമന്സിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് കീര്‍ത്തന. കെഎസ്ആര്‍ടിസിയുടെ ‘ചലോ’ ആപ്പുമായി സംയോജിപ്പിക്കുന്നതിനുള്ള സാധ്യതയ്ക്കായി പിങ്ക്സ്പര്ശം കെഎസ്ആര്‍ടിസിയുടെ ഐടി വിഭാഗത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
പിങ്ക് സ്പര്‍ശം എന്ന പേര്
കെഎസ്ആര്‍ടിസിയുടെ ‘ചലോ’ ആപ്പുമായി സംയോജിപ്പിക്കാവുന്ന വിവിധ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച പ്രോട്ടോടൈപ്പാണ് പിങ്ക് സ്പര്‍ശം. ആദ്യഘട്ടത്തില്‍ കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസുകള്‍ക്കായി മാത്രമായി ഈ പദ്ധതി നടപ്പാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വനിതകള്‍ക്ക് കൂട്ട് എന്ന ചിന്തയില്‍ നിന്നാണ് പദ്ധതിക്ക് പിങ്ക് സ്പര്‍ശം എന്ന പേര് ലഭിച്ചത്. എന്നാല്‍ എല്ലാ കെഎസ്ആര്‍ടിസി ബസുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാവുന്ന തരത്തിലാണ് പ്രോട്ടോടൈപ്പ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
പിങ്ക് സ്പര്‍ശത്തിന്റെ പ്രധാന പ്രത്യേകതകള്‍:
സേഫ്റ്റി ഗ്രൂപ്പ്: യാത്രയ്ക്കിടെ എന്തെങ്കിലും പ്രശ്നമോ അസൗകര്യമോ നേരിടേണ്ടിവന്നാല്‍ ബസിലെ യാത്രക്കാരെ ഉള്‍പ്പെടുത്തി താല്‍ക്കാലികമായി ഒരു ‘സേഫ്റ്റി ഗ്രൂപ്പ്’ രൂപീകരിക്കാം. കണ്ടക്ടറെ വരെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താം. ആവശ്യമുള്ള സമയത്ത് യാത്രക്കാര്‍ക്ക് പരസ്പരം സഹായം അഭ്യര്‍ഥിക്കാനും അടിയന്തര സാഹചര്യം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്താനും ഈ സംവിധാനത്തിലൂടെ കഴിയും. യാത്ര അവസാനിക്കുന്നതോടെ, പരമാവധി രണ്ട് മണിക്കൂറിന് ശേഷം സേഫ്റ്റി ഗ്രൂപ്പ് സ്വമേധയാ എക്സ്പെയര് ആകും.
ഡെസ്റ്റിനേഷന്‍ അലേര്‍ട്ട്: ‘സ്റ്റോപ്പ് എത്താറായോ?’ എന്ന ആശങ്ക ഒഴിവാക്കാം. യാത്രയ്ക്കിടെ ഉറങ്ങിപ്പോകുകയോ സ്റ്റോപ്പ് അറിയാത്ത സാഹചര്യമോ ഒക്കെ വരുമ്പോള്‍ ഈ സംവിധാനം സഹായിക്കും. ഡസ്റ്റിനേഷന്‍ എത്തുന്നതിന് ഏകദേശം 500 മീറ്റര്‍ അകലെയായിരിക്കുമ്പോള്‍ അറിയിപ്പ് ലഭിക്കുന്ന വിധത്തില്‍ യാത്രക്കാര്‍ക്ക് ഒരു ഡെസ്റ്റിനേഷന്‍ അലേര്‍ട്ട് സജ്ജീകരിക്കാം. ജിപിഎസ് ട്രാക്കിംഗ് ഉപയോഗിച്ച് സജ്ജീകരിക്കുന്നതിനാല്‍ കൃത്യമായി തന്നെയായിരിക്കും അലേര്‍ട്ട് ലഭിക്കുന്നതെന്ന് കീര്‍ത്തന ട്വന്റിഫോറിനോട് പറഞ്ഞു.
ബസിലെ തിരക്ക് മനസിലാക്കാം: യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ ബസിലെ തിരക്കിന്റെ തോത് മനസിലാക്കാന്‍ കഴിയും. ബസില്‍ എത്രമാത്രം തിരക്കുണ്ടെന്നും സീറ്റുകള്‍ ലഭ്യമാണോയെന്നും മുന്‍കൂട്ടി അറിയാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.
ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് സംവിധാനം: യാത്രയ്ക്കിടെ ബസില്‍ എന്തെങ്കിലും സാധനം നഷ്ടപ്പെട്ടാല്‍ അത് കണ്ടെത്താന്‍ ഇതുവഴി സാധിക്കും. ഒരു യാത്രക്കാരന്റെ സാധനം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്താല്‍, അതേ ബസില്‍ യാത്ര ചെയ്ത മറ്റ് യാത്രക്കാര്‍ക്ക് അലേര്‍ട്ട് ലഭിക്കും. ഇതിലൂടെ നഷ്ടപ്പെട്ട വസ്തു ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വിവരം കൈമാറാന്‍ സാധിക്കും. യാത്രക്കാരുടെ സ്വകാര്യതയ്ക്ക് യാതൊരു തരത്തിലുള്ള ഭംഗവും വരാത്ത രീതിയിലായിരിക്കും പ്രവര്‍ത്തനം. നഷ്ടപ്പെട്ട സാധനം കണ്ടെത്തിയാല്‍, അത് എവിടെയാണുള്ളതെന്നത് സംബന്ധിച്ച വിവരങ്ങളും ലഭിക്കും.
മുഖ്യമന്ത്രി പറഞ്ഞു, ഇനിയും ഇതുപോലുള്ള ആശങ്ങളുമായി വരൂ
പിങ്ക് സ്പര്‍ശവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശനെ കണ്ടപ്പോള്‍ അദ്ദേഹം സംശയങ്ങള്‍ ചോദിച്ചു മനസിലാക്കിയതായി കീര്‍ത്തന പറയുന്നു. ഓരോ ഫീച്ചറിനെക്കുറിച്ചും വിശദീകരിക്കുമ്പോള്‍ അദ്ദേഹം ശ്രദ്ധയോടെ കേള്‍ക്കുകയും സംശയങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഒഎസ്ഡിയായ ഉമേഷ് ഐഎഎസിനെ വിളിച്ച് പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. കെഎസ്ആര്‍ടിസി എംഡിയുമായി സംസാരിക്കാമെന്ന് പറഞ്ഞതും മുഖ്യമന്ത്രിയാണ്. ‘ഇനിയും ഇതുപോലുള്ള ആശയങ്ങളുമായി വരൂ’ എന്ന വാക്കുകള്‍ വലിയ പ്രചോദനമായെന്നും കീര്‍ത്തന പറഞ്ഞു.
ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും ഇതേക്കുറിച്ച് അറിഞ്ഞു ഫോണിലൂടെ ബന്ധപ്പെട്ട് അഭിനന്ദനങ്ങള്‍ അറിയിച്ചു. തന്റെ ആശയത്തിന് ലഭിച്ച ഈ അംഗീകാരവും പ്രോത്സാഹനവും ഭാവിയില്‍ കൂടുതല്‍ നൂതന പദ്ധതികള്‍ വികസിപ്പിക്കാന്‍ പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് കീര്‍ത്തന.




