Uncategorized

വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവൻ തുടർന്നേക്കും

തിരുവനന്തപുരം വൈദ്യുതി ഉപയോഗം നിയന്ത്രണം വിട്ട് ഉയരുന്നതിനാൽ വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവൻ തുടരാൻ സാധ്യത. ഇന്നലെ 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുണ്ടായത്. വ്യാഴാഴ്‌ച 1000 മെഗാവാട്ടിൽ അധികം കുറവുണ്ടായെങ്കിലും തത്സമയ വിപണിയിൽ വൈദ്യുതി ലഭിച്ചതിനാൽ നിയന്ത്രണം ഒഴിവാക്കി. ഇന്നലെയും നിയന്ത്രണം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിരുന്നു. കെഎസ്ഇബിയുടെ പക്കൽ 4250 മെഗാവാട്ട് മാത്രമുള്ളപ്പോൾ ഇന്നലെ രാത്രി 7 മണിയോടെ വൈദ്യുതി ആവശ്യകത 4600 മെഗാവാട്ട് കടന്നു.

മറ്റു സംസ്ഥാനങ്ങളുമായും വൈദ്യുതി ഉൽപാദക കമ്പനികളുമായും ചർച്ച നടത്തിയെങ്കിലും ഈ മാസത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല. തത്സമയ വിപണിയിൽ ലഭിക്കുന്ന വൈദ്യുതി പരമാവധി വാങ്ങി നിയന്ത്രണം കഴിയുന്നത കുറയ്ക്കാനാണു ശ്രമം.

ഇടുക്കിയിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ട ഒരു ജനറേറ്റർ, ജോലികൾ വേഗത്തിൽ തീർത്ത് പ്രവർത്തനം ആരംഭിച്ചതോടെ 130 മെഗാവാട്ട് വൈദ്യുതി കൂടി ഉൽപാദിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഡാമുകളുടെ സ്ഥിതിയും മെച്ചമല്ലെങ്കിലും ഈ മാസം പീക്ക് സമയത്തേക്കു മാത്രമായി പരമാവധി ഉൽപാദനം ക്രമീകരിച്ചിട്ടുണ്ട്. സംഭരണ ശേഷിയുടെ 61.56% മാത്രമാണു ഡാമിൽ വെള്ളമുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം 78.21% വെള്ളമുണ്ടായിരുന്നു.

ചുട്ടുപൊള്ളുന്നേ…

സംസ്ഥാനത്തു പകൽ താപനില സാധാരണയേക്കാൾ 3-4 ഡിഗ്രി സെൽഷ്യസ് ഉയർന്നതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും കൂടുതൽ ചൂട് കൊല്ലം ജില്ലയിലെ പുനലൂരിൽ; 37 ഡിഗ്രി സെൽഷ്യസ്. ഇന്നും ചില പ്രദേശങ്ങളിൽ ചൂടും ഈർപ്പവും കൂടുതലായിരിക്കും. മഴ ദുർബലമായതും മേഘാവരണം കുറഞ്ഞതുമാണു ചൂടു കൂടാനുള്ള പ്രധാന കാരണം. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെയും മഴ പെയ്തേക്കും. യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

100 ദശ ലക്ഷം യൂണിറ്റ്

സെപ്റ്റംബറിൽ ആദ്യമായി ഒരു ദിവസത്തെ വൈദ്യുതി ഉപയോഗം 100 ദശ ലക്ഷം യൂണിറ്റിലേക്ക് എത്തി. ഇന്നലെ രാവിലെ 7ന് അവസാനിച്ച 24 മണിക്കൂറിൽ ഉപയോഗിച്ചത് 99.927 ദശലക്ഷം യൂണിറ്റ് വൈദ്യുതി. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ പ്രതിദിന ശരാശരി വൈദ്യുതി ഉപയോഗം 82.52 ദശലക്ഷം യൂണിറ്റായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button