സ്വർണ വിലയിൽ വീണ്ടും ഇടിവ്; ഇനി നിർണായകം ഫെഡിന്റെ തീരുമാനം

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവോടെ 1,13,000 രൂപയിലും ഒരു ഗ്രാം സ്വർണത്തിന് 30 രൂപയുടെ ഇടിവോടെ 14,125 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നിലവിൽ യു.എസ് -ഇറാൻ സംഘർഷവും എണ്ണ വിപണിയും ഡോളർ-രൂപ വിനിമയ നിരക്കുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
ഇനി സ്വർണ വിലയിൽ ഏറ്റവും അധികം സ്വാധീനം ചെലുത്താനിടയുള്ളത് അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങളാണ്. സെപ്റ്റംബര്‍ 16 ബുധനാഴ്ച ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം വരാനിരിക്കെ, പലിശനിരക്കുകളിലെ മാറ്റങ്ങളും കെവിന്‍ വാര്‍ഷിന്റെ നയപരമായ നിര്‍ദ്ദേശങ്ങളും അനുസരിച്ച് വിലയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഉണ്ടായേക്കാം. നിലവിൽ രാജ്യാന്തര തലത്തിൽ ട്രോയ് ഔൺസിന് 4,300 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാഹചര്യമാണ് നിലവിൽ വിദഗ്‌ദ്ധർ പങ്കുവെക്കുന്നത്. അങ്ങനെയെങ്കിൽ ഡോളറും ബോണ്ട് യീൽഡും ശക്തമാകാൻ സാധ്യതയുള്ളതിനാൽ സ്വർണവിലയ്ക്ക് ഹ്രസ്വകാലത്ത് ഇടിവ് ഉണ്ടായേക്കാം. എന്നാൽ ഇറാൻ സംഘർഷം, ഉയർന്ന ക്രൂഡ് ഓയിൽ വില, ആഗോള അനിശ്ചിതത്വം എന്നിവ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പിന്തുണ നൽകുന്നതിനാൽ വിലയിൽ വലിയ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്.
ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണം ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില. ഇന്നത്തെ നിരക്ക് പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 14,125 എന്ന കണക്കിൽ 8 ഗ്രാം അഥവാ ഒരു പവൻ സ്വർണത്തിന്റെ വില 1,13,000 രൂപ ആണെന്നിരിക്കെ 10 ശതമാനം മേക്കിംഗ് ചാർജ് കണക്കാക്കിയാൽ 11,300 കൂടി വരും. ഇതോടെ സ്വർണത്തിന്റെയും മേക്കിംഗ് ചാർജിന്റെയും ആകെ തുക 1,24,300 ആകും.ഇതിന് 3 ശതമാനം ജിഎസ്ടിയായി 3,729 കൂടി നൽകണം. അങ്ങനെ 8 ഗ്രാം 22 കാരറ്റ് സ്വർണാഭരണത്തിന് 10 ശതമാനം മേക്കിംഗ് ചാർജ് ഉൾപ്പെടെ ഏകദേശം 1,28,029 രൂപ നൽകേണ്ടിവരും. മേക്കിംഗ് ചാർജ് ഓരോ ജ്വല്ലറിയിലും ഡിസൈൻ അനുസരിച്ചും വ്യത്യാസപ്പെടുന്നതിനാൽ അന്തിമ വിലയിൽ മാറ്റമുണ്ടാകാം.




