Uncategorized

മണിപ്പൂരില്‍ വീണ്ടും ആക്രമണം; രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ആക്രണം നടന്നതായി റിപ്പോര്‍ട്ട്. തമെങ്ലോങ് ജില്ലയില്‍ ഉണ്ടായ രണ്ട് ആക്രമണങ്ങളിലാണ് 4 പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. കുക്കി വിഭാഗത്തില്‍ പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയുധ ധാരികളായ സംഘം ആക്രണം അഴിച്ചു വിടുകയായിരുന്നു എന്നാണ് വിവരം. അധികൃതര്‍ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സംഭവത്തില്‍ ഇതുവരെ നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

തമെങ്ലോങ് ജില്ലയിലെ ടോല്ലെന്‍ ഗ്രാമത്തില്‍ പുലര്‍ച്ചെയുണ്ടായ ആദ്യ ആക്രമണത്തില്‍ സെനെ സിങ്സിറ്റ് എന്നയാളും ഭാര്യ ലിങ്സംഗായിയുമാണ് കൊല്ലപ്പെട്ടത്. സ്ത്രീ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇവരുടെ ആറ് വയസ്സുള്ള മകന് പരിക്കേറ്റതായും കുക്കി-സോ സംഘടനകള്‍ അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ ഇപ്പോഴും ഒരു വെടിയുണ്ട തറച്ചിരിക്കുന്നതായാണ് വിവരം. ഇത് സംഭവിച്ച് മണിക്കൂറുകള്‍ക്ക് ശേഷം നടന്ന രണ്ടാമത്തെ ആക്രമണത്തില്‍ നോണി ജില്ലയിലെ ലോങ്പി ഗ്രാമത്തില്‍ അരി കൊണ്ടുപോകുകയായിരുന്ന മൂന്നുപേരാണ് ആക്രമിക്കപ്പെട്ടത്. ഇവരില്‍ ജൂലി ഗാംഗ്ടെ, താംഗ്രോല്‍ ഗാംഗ്ടെ എന്നിവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു. ഇതേ സംഘത്തിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ തട്ടിക്കൊണ്ടുപോയതായും സംശയിക്കുന്നു എന്നാണ് കുക്കി-സോ സംഘടനകള്‍ നല്‍കുന്ന വിവരം.

നാഗ വിമത ഗ്രൂപ്പുകളിലെ അംഗങ്ങളാണ് ആക്രമണങ്ങള്‍ നടത്തിയതെന്നാണ് കുക്കി-സോ സംഘടനകള്‍ ആരോപിക്കുന്നത്. ആദ്യത്തെ ആക്രമണത്തെ കുക്കി ഇന്‍പി (ജിരിബാം, തമെങ്ലോങ്, നോണി ജില്ലകള്‍) അഥവാ കുക്കി ഇന്‍പി ജെടിഎന്‍ അപലപിച്ചു. ഇത് ഒരു കുടുംബത്തിനെതിരായ ആക്രണമല്ലെന്നും മാനവരാശിക്ക് തന്നെ അപമാനമാണെന്നുമാണ് സംഘടന വ്യക്തമാക്കിയത്. പ്രദേശത്ത് വിന്യസിച്ചിരുന്ന സുരക്ഷാ സേനയുടെ താവളത്തില്‍ നിന്ന് നൂറ് മീറ്റര്‍ മാത്രം അകലെയാണ് ആക്രമണം നടന്നതെന്നത് അതീവ ഗൗവരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം, സെലിയാങ്റോങ് യുണൈറ്റഡ് ഫ്രണ്ട് (കാംസണ്‍) എന്നീ വിമത ഗ്രൂപ്പുകളാണ് രണ്ടാമത്തെ ആക്രമണം നടത്തിയതെന്നാണ് വെസ്റ്റേണ്‍ വില്ലേജ് വോളന്റിയര്‍ (ജിരിബാം, തമെങ്ലോങ്, നോണി) ആരോപിച്ചത്.
സാധാരണക്കാര്‍ക്ക് നേരെയുണ്ടായ അക്രമണത്തെ സംഘടന അപലപിച്ചു. കുറ്റക്കാരെ തിരിച്ചറിഞ്ഞ് പിടികൂടി 24 മണിക്കൂറിനുള്ളില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കൃത്യസമയത്ത് നീതി ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ തങ്ങളുടെ മുഴുവന്‍ രോഷവും അഴിച്ചുവിടാന്‍ നിര്‍ബന്ധിതരാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി യുമ്‌നം ഖേംചന്ദ് സിംഗ് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും മണിപ്പൂരിലെ അക്രമം തുടരുകയാണ്. സംഘര്‍ഷഭരിതമായ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി, സിംഗ് കഴിഞ്ഞ മാസങ്ങളില്‍ വിവിധ ജില്ലകള്‍ സന്ദര്‍ശിക്കുകയും കുക്കി-സോ, നാഗ വിഭാഗങ്ങളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം, നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് (എന്‍സിആര്‍) പുതുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരോട്, പൊതുജനങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഞായറാഴ്ച അഭ്യര്‍ത്ഥിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button