Uncategorized

പയ്യന്നൂര്‍ സിപിഐഎമ്മില്‍ സമ്പൂര്‍ണ അഴിച്ചുപണി ഇല്ല; പി സന്തോഷിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റും

കണ്ണൂര്‍: പാര്‍ട്ടി കോട്ടയായിരുന്ന പയ്യന്നൂരില്‍ ചരിത്രത്തില്‍ ഇല്ലാത്ത വിധം തിരിച്ചടി ഉണ്ടായതിന് പിന്നാലെ ഏരിയ കമ്മിറ്റിയില്‍ സമ്പൂര്‍ണ അഴിച്ചു പണി വേണ്ടെന്ന തീരുമാനത്തില്‍ സിപിഐഎം. പയ്യന്നൂര്‍ ഏരിയ കമ്മിറ്റി പിരിച്ചുവിടേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. അതേസമയം താല്‍ക്കാലിക പരിഹാരം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു. ഏരിയാ കമ്മിറ്റിയില്‍ ഭാഗികമായ അഴിച്ചുപണി മാത്രമാകും ഉണ്ടാകുക.

ഇതിന്റെ ഭാഗമായി പി സന്തോഷിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റും. ജില്ലാ കമ്മിറ്റിയില്‍ നിലനിര്‍ത്താനാണ് തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റിലെ പ്രധാന നേതാവിനെ ഏരിയാ സെക്രട്ടറിയാക്കാനാണ് ആലോചന. പി വി ഗോപിനാഥോ സി സത്യപാലനോ ഏരിയ സെക്രട്ടറിയാകും എന്നാണ് വിവരം. പ്രധാന നേതാക്കളെ ഉള്‍പ്പെടുത്തി ഏരിയാ കമ്മിറ്റി പുന:ക്രമീകരിക്കാനും തീരുമാനമുണ്ട്. വിപുലീകൃത സംസ്ഥാന സമിതിക്ക് ശേഷമാണ് അന്തിമ തീരുമാനമുണ്ടാകുക. ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം വിപുലീകൃത സംസ്ഥാന സമിതിയില്‍ അവതരിപ്പിക്കും.പയ്യന്നൂരിലും തളിപ്പറമ്പിലും സമാനതകളില്ലാത്ത തോല്‍വിയാണ് സിപിഐഎമ്മിന് നേരിടേണ്ടി വന്നത്. പയ്യന്നൂരില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നു എന്നതടക്കം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയ സാഹചര്യത്തില്‍ സമ്പൂര്‍ണ അഴിച്ചുപണി ഏരിയാ കമ്മിറ്റിയില്‍ ഉണ്ടാകും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഏരിയാ കമ്മിറ്റി പിരിച്ചു വിട്ടുകൊണ്ടുള്ള ഒരു പ്രശ്‌നപരിഹാരത്തിലേക്ക് പോയാല്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനേ അത് വഴിവെക്കൂ എന്നാണ് വിലയിരുത്തല്‍. നടപടി ലഘൂകരിക്കുക ആകും പാര്‍ട്ടിക്ക് ഗുണം ചെയ്യുക എന്നാണ് ഉപരി ഘടകത്തിന്റെ നിഗമനം.

കടുത്ത നടപടികളിലേക്ക് പോയാല്‍ അത് പൊതുജനങ്ങളില്‍ തെറ്റ് ധാരണ ഉണ്ടാകാനും കാരണമാകുമെന്നും നിരീക്ഷണമുണ്ട്. വോട്ട് അട്ടിമറിക്കാന്‍ ചില നേതാക്കള്‍ തന്നെ മുന്‍കൈ എടുത്തെന്ന് സിപിഐഎമ്മിന്റെ അന്വേഷണ സംഘം തന്നെ കണ്ടെത്തിയിരുന്നു. ഇതില്‍ ഉള്‍പ്പെട്ട ചില ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്ക് താക്കീത് നല്‍കാനും ചിലര്‍ക്കെതിരെ മാത്രം നടപടി എടുക്കാനുമാണ് തീരുമാനം. വിപുലീകൃത സംസ്ഥാന സമിയിയില്‍ വിഷയം ചര്‍ച്ച ചെയ്യും. ഇന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ കമ്മിറ്റി യോഗം ചേരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button