പരാതിയൊന്നുമില്ല… ഈ ചോക്ലേറ്റ് തരാൻ വന്നതാ’; കളക്ടറെ തേടി നഗരത്തിലൂടെ നടന്ന് മുത്തശ്ശി, ആ വീട്ടിലെത്തിയപ്പോൾ കണ്ണുനിറഞ്ഞെന്ന് കളക്ടറും

അധികാരത്തിന്‍റെ കസേരകൾ നൈമിഷികമാണ്. അതെപ്പോൾ വേണമെങ്കിലും കൈവിട്ട് പോകാം. പദവികളും അതുപോലെ തന്നെ. എന്നാൽ ചില മനുഷ്യബന്ധങ്ങൾ കാലത്തെയും പദവികളെയും അതിജീവിക്കും. അത്തരമൊരു അപൂർവ സ്നേഹബന്ധത്തിന്‍റെ ഹൃദയസ്പർശിയായ ഓർമ പങ്കുവെച്ചിരിക്കുകയാണ് തൃശൂർ മുൻ ജില്ലാ കളക്ടറായിരുന്ന അർജുൻ പാണ്ഡ്യൻ ഐഎഎസ്. നാട്ടിൻ പുറത്തെ ഒരു സാധാരണ മുത്തശ്ശിയും ജില്ലാ കളക്ടറും തമ്മിലുള്ള അപൂർവ്വ ആത്മബന്ധത്തിന്‍റെ ആ കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി.2024 ജൂലൈ മുതൽ 18 മാസം തൃശൂർ ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ച കാലത്താണ് മുത്തശ്ശിയുമായുള്ള ആത്മബന്ധം ആരംഭിച്ചതെന്ന് ഒരു വീഡിയോ പങ്കുവച്ച് കൊണ്ട് അർജുൻ പാണ്ഡ്യൻ തന്‍റെ ഫേസ്ബുക്കിലെഴുതി. ദിവസവും കളക്ടറേറ്റിലെത്തുന്ന ജനങ്ങളെ നേരിട്ട് കാണുന്നതിനായി അദ്ദേഹം സമയം മാറ്റിവെച്ചിരുന്നു. പരാതികളും ആവശ്യങ്ങളുമായി നിരവധി പേർ എത്തുന്നതിനിടെയാണ് ഒരിക്കൽ ഒരു വയോധിക കളക്ടറുടെ മുറിയിലെത്തിയതെന്ന് അർജുൻ പാണ്ഡ്യൻ എഴുതുന്നു.




