Uncategorized
അമിതവേഗത്തിൽ മറികടക്കുന്നതിനിടെ ലോറി ബൈക്കിലിടിച്ചു; കൊച്ചിയിൽ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി: ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഫോർട്ട്കൊച്ചി ചുള്ളിക്കൽ ശാന്തിമന്ദിർ വീട്ടിൽ പി ഉണ്ണികൃഷ്ണൻ (61) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ എം ജി റോഡിൽ ഡിസിസി ജങ്ഷന് സമീപമായിരുന്നു അപകടം.
ലോറിയുടെ അതേ ദിശയിലായിരുന്നു ബൈക്കും സഞ്ചരിച്ചിരുന്നത്. അമിത വേഗത്തിൽ ബൈക്കിനെ മറികടക്കാൻ ശ്രമിച്ച ലോറി അലക്ഷ്യമായി ഇടത്തേക്ക് തിരിച്ചപ്പോൾ ബൈക്കിന്റെ ഹാൻഡിൽ റോഡിന്റെ വശത്തെ കൈവരിയിൽ തട്ടി. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് യാത്രികൻ ലോറിയുടെ അടിയിലേക്ക് വീഴുകയും ലോറിയുടെ പിന്നിലെ ചക്രങ്ങൾ ബൈക്ക് യാത്രികന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു.
കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഉണ്ണികൃഷ്ണൻ. ഭാര്യ: കവിത. മകൾ: മീര. ചൊവ്വാഴ്ച ഉച്ചയ്ക്ക് കൂവപ്പാടം ശ്മശാനത്തിൽ സംസ്കാരം നടത്തി.




