ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മുജാഹിദ് വിദ്യാര്‍ത്ഥി നേതാവിനെതിരായ കേസ്: രൂക്ഷ വിമര്‍ശനവുമായി പി കെ ഫിറോസ്

കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മുജാഹിദ് വിദ്യാര്‍ത്ഥി നേതാവ് അബ്ദുള്ള ബാസിലിനെതിരെ കേസ് എടുത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ്. കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പികെ ഫിറോസ് എംഎല്‍എ രംഗത്ത് വന്നു. കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര മന്ത്രിയെ നേരിട്ട് വിളിച്ച് ആവശ്യപെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത്. വര്‍ഗീയത പറയുന്നവരെ ഒരിക്കലും പിന്തുണക്കില്ല. പക്ഷെ യാഥാര്‍ഥ്യം പറഞ്ഞവര്‍ക്കെതിരെ കേസ് എടുക്കാന്‍ അനുവദിക്കില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
‘ചാനല്‍ അവതാരക നടത്തിയത് ഇസ്ലാമോഫോബിക് പരാമര്‍ശങ്ങളാണ്. അത് തുറന്ന് കാണിക്കുന്ന അകാദമിക് ആയ പരാമര്‍ശങ്ങളാണ് അബ്ദുള്ള ബാസില്‍ നടത്തിയത്. അതിന്റെ പേരിലാണ് ചാനലും അതിന്റെ റിപ്പോര്‍ട്ടര്‍മാരും ചേര്‍ന്ന് ഡിജിപിക്ക് പാരാതി കൊടുത്തത്. കഴിഞ്ഞ 10 വര്‍ഷത്തെ പോലെ അനാവശ്യ കേസ് എടുക്കാന്‍ അനുവദിക്കില്ല’, പി കെ ഫിറോസ് മുന്നറിയിപ്പ് നല്‍കി. അത്തരം കേസുകള്‍ പിന്‍വലിക്കണം എന്ന് പറയാന്‍ കൂടെയാണ് മുസ്‌ലിം ലീഗ് അധികാരത്തില്‍ ഇരിക്കുന്നതെന്നും പി കെ ഫിറോസ് പറഞ്ഞു.കഴിഞ്ഞ ദിവസം ഒരു മാലയാളം വാര്‍ത്താ ചാനലില്‍ കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയാണ് വിവാദമായത്. പിന്നാലെ ചര്‍ച്ച നടത്തിയ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതിലാണ് മുജാഹീദ് വിദ്യാര്‍ത്ഥി നേതാവിനെതിരെ കേസെടുത്തത്. കൊച്ചി സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അവതാരകയുടെ മാന്യതയിക്ക് കളങ്കം വരുത്തുന്ന നിലയില്‍ ചര്‍ച്ചയുടെ വസ്തുതകള്‍ വളച്ചൊടിച്ചു, ഇതിനായി സമൂഹമാധ്യമങ്ങളില്‍ വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏല്‍പ്പിക്കാനും ആഹ്വാനം ചെയ്തു, സമൂഹത്തില്‍ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തു എന്നിവയാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) 192, 351(1), 353, 3(5) വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 67-ാം വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചര്‍ച്ചയുടെ ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച അബ്ദുല്ല ബാസില്‍, അവതാരക മുസ്ലിം വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ചിരുന്നു. ഈ പോസ്റ്റിന് പിന്നാലെ തനിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണവും വധഭീഷണിയും നേരിടേണ്ടി വന്നുവെന്ന് അവതാരക പരാതിയില്‍ വ്യക്തമാക്കി. താന്‍ മാപ്പ് പറഞ്ഞിട്ടും സൈബര്‍ ആക്രമണം തുടര്‍ന്നുവെന്നും പരാതിയിലുണ്ട്.




