അടച്ചിട്ട വീട്ടിൽനിന്ന് ഏഴേകാൽ പവനും 36,000 രൂപയും കവർന്നു

തളിപ്പറമ്പ്: പരിയാരം ചുടലയിൽ വീട്ടുകാർ പുറത്തു പോയ സമയത്ത് വെന്റിലേറ്ററിന്റെ ചില്ല് തകർത്ത് അകത്തു കയറിയ മോഷ്ടാക്കാൾ ഏഴേകാൽ പവൻ സ്വർണാഭരണങ്ങളും 36,000 രൂപയും കവർന്നു. ചുടല സ്ട്രീറ്റ് നന്പർ ഒന്‍പതിൽ മുസ്ലിം പള്ളിക്കു പിറകുവശത്തെ വി. കെ. സത്താറിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
ചുടല പള്ളിയിൽ തിങ്കളാഴ്ച നടന്ന നബിദിനാഘോഷത്തിൽ പങ്കെടുക്കാനായി സത്താറും ഭാര്യ നഫീസയും മകൻ ഷഫീറും പോയിരുന്നു. രാത്രി എട്ടോടെ പള്ളിയിൽ പോയ ഇവർ പുലർച്ചെ 1.30 ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപെട്ടത്. വീടിന്റെ ഒരു ഭാഗത്തെ ഗ്രിൽസ് ഇല്ലാത്ത വെന്റിലേറ്ററിന്റെ ഗ്ലാസ് കുത്തിപ്പൊളിച്ച് തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചര പവൻ മാല, ഒന്നര പവന്റെ വള, കാൽപവന്റെ മോതിരം മേശയിൽ സൂക്ഷിച്ച ആറായിരം രൂപ, ഷഫീറിന്റെ ലാപ്ടോപ് ബാഗിൽ സൂക്ഷിച്ചിരുന്ന 30,000 രൂപ എന്നിവയാണ് മോഷണം പോയതെന്ന് പരാതിയിൽ പറയുന്നു.




