Uncategorized

അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു ഇരിട്ടി താലൂക്ക് ആശുപത്രി കുട്ടികളുടെ വാർഡിൽ തുരുമ്പെടുത്ത മേശയും ഒടിഞ്ഞ കട്ടിലും

ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാർഡിന്റെ അവസ്ഥ അതീവ ദയനീയം. കുട്ടികളുമായി ചികിത്സക്കെത്തുന്നവർക്ക് ആശങ്കയുണർത്തുന്ന കാഴ്ചകളാണ് വാർഡിൽ. തൊട്ടാൽ പോലും ടെറ്റനസ് ബാധയുണ്ടാകുമോ എന്ന് ഭയപ്പെടുന്നതരത്തിൽ തുരുമ്പെടുത്ത മേശയും ബലക്ഷയം സംഭവിച്ച കട്ടിലും മറ്റുമാണ് ഇവിടെ പ്രവേശിപ്പിക്കുന്ന രോഗികൾക്കും മറ്റും ആശ്രയം.
കുട്ടികളെ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കുമ്പോൾ ഭക്ഷണവും മരുന്നുകളും മറ്റും വയ്ക്കുന്നതിനുള്ള മേശയാണ് ഏറെ അപകടാവസ്ഥയിലുള്ളത്. മേശയുടെ ഇരുമ്പുഭാഗങ്ങൾ തുരുമ്പെടുത്ത നിലയിലാണ്. മേശ തുറക്കുന്നതിനിടയിലോ മറ്റോ കൈ തട്ടിയാൽ തുരുമ്പെടുത്ത ഭാഗങ്ങളിൽ നിന്ന് മുറിവേൽക്കാനുള്ള സാധ്യതഏറെയാണ്. വാർഡിലെ കട്ടിലുകൾ പഴക്കം മൂലം ഇളകിയാടുന്ന അവസ്ഥയിലാണ്. കട്ടിലിൽ കിടത്തുന്ന കുട്ടികൾ കട്ടിലിൽ സംരക്ഷണ ഗില്ലുകൾ ഇല്ലാത്തതുമൂലം നിലത്തു വീഴുന്ന അവസ്ഥയുമുണ്ട്.
ജനാലകളുടെ ഗ്ലാസുകൾ ഇളകിപ്പോയത് മൂലം ഇതുവഴിയെത്തുന്ന കൊതുകുകളും ഇവിടെ പ്രവേശിപ്പിക്കുന്നവരിൽ ഭീതി ഉണർത്തുകയാണ്. കൊതുകുകൾ കയറാതിരിക്കാനായി സ്ഥാപിച്ചിട്ടുള്ള നെറ്റുകളും കീറിയ നിലയിലാണ്.
പുറത്തുള്ളവരോട് ശുചിത്വത്തെപ്പറ്റി പറയുന്ന ആരോഗ്യ വകുപ്പ് അധികൃതർ തങ്ങളുടെ അധീനതയിലുള്ള സ്ഥാപനത്തിലെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. ചെറിയ അറ്റകുറ്റപ്പണികളിലൂടെയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെയും പരിഹരിക്കാവുന്ന പ്രശ്നങ്ങൾ പോലും പരിഹരിക്കപ്പെടാതെ കിടക്കുന്നത് അധികൃതരുടെ അനാസ്ഥയാണ് കാണിക്കുന്നത്.
ആശുപത്രി വികസന സമിതി അംഗങ്ങൾ കുട്ടികളുടെ വാർഡ് ഉൾപ്പെടെയുള്ള വിവിധ വാർഡുകൾ നേരിട്ട് സന്ദർശിച്ച് അവിടെയുള്ള പ്രശ്നങ്ങൾ മനസ്സിലാക്കി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

വൈദ്യുതി മന്ത്രി പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ പ്രധാന സർക്കാർ ആശുപത്രികളിലൊന്നാണ് ഇരിട്ടി താലൂക്ക് ആശുപത്രി. ഇരിട്ടി നഗരസഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയാണെങ്കിലും, ഇവിടെ ചികിത്സയ്ക്കായി എത്തുന്ന രോഗികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട എല്ലാവരുടെയും ഉത്തരവാദിത്തമാണ്. അതേസമയം കേന്ദ്രസർക്കാരിന്റെ പദ്ധതിയായ ലക്ഷ്യൽ മൂന്നു കോടിയിലേറെ ചിലവഴിച്ച് നിർമ്മിക്കുകയും അഞ്ചു വര്ഷം മുൻപ് ഉദ്‌ഘാടനം ചെയ്യുകയും ചെയ്ത മാതൃ ശിശു വാർഡ് ഇപ്പോഴും അടഞ്ഞു കിടക്കുന്ന അവസ്ഥയിലാണ്.
വലിയ വികസന പദ്ധതികൾക്കൊപ്പം രോഗികൾക്ക് സുരക്ഷിതമായി കിടക്കാനും മരുന്നും ഭക്ഷണവും വയ്ക്കാനും കൊതുകുശല്യമില്ലാതെ കിടക്കാനും കഴിയുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും അടിയന്തര പരിഗണന നൽകണമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button