വിജയ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് ടിവികെ, രൂക്ഷ വിമർശനുമായി കോൺഗ്രസ്, രാഹുലിനെ അംഗീകരിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്ന് കോൺഗ്രസ് മന്ത്രി

ചെന്നൈ: വിജയ് പ്രധാനമന്ത്രിയാകണമെന്ന ടിവികെ ആവശ്യത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകവും (ടിവികെ) സഖ്യകക്ഷിയായ കോൺഗ്രസും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തേക്ക്. ടിവികെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്യെ 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാനുള്ള ടിവികെ നേതാക്കളുടെ നീക്കത്തിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി കോൺഗ്രസ് രംഗത്തെത്തി.
2029-ൽ രാഹുൽ ഗാന്ധിയെ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കണമെന്ന് തമിഴ്‌നാട് ടൂറിസം മന്ത്രിയും കോൺഗ്രസ് നേതാവുമായ എസ്. രാജേഷ് കുമാർ ആവശ്യപ്പെട്ടു. ടിവികെ ഇതിന് തയ്യാറായില്ലെങ്കിൽ തമിഴ്‌നാട് മന്ത്രിസഭയിലുള്ള രണ്ട് കോൺഗ്രസ് മന്ത്രിമാരും സ്ഥാനം രാജിവെച്ച് പുറത്തുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കന്യാകുമാരിയിൽ വെസ്റ്റ് ഡിസ്ട്രിക്റ്റ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവേയാണ് രാജേഷ് കുമാർ പാർട്ടി നിലപാട് വ്യക്തമാക്കിയത്. മന്ത്രിസ്ഥാനത്തെക്കാൾ പാർട്ടിയുടെ നിലപാടുകൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




