മാസാമാസം കൈപ്പറ്റിയിരുന്നത് ലക്ഷങ്ങള്‍; കോട്ടയത്തെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് എതിരെ ഗുരുതര കണ്ടെത്തൽ

കോട്ടയം: കോട്ടയത്തെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിലെ മിന്നല്‍ റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റെയ്ഡിനിടയില്‍ ഉണ്ടായത് നാടകീയ സംഭവങ്ങളായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എക്സൈസ് കമ്മീഷണര്‍ ജില്ലയിലെത്തിയത് ബാറുകളിലെ പരിശോധനയ്ക്കായിരുന്നു. ഇതിനിടയിലാണ് ഡെപ്യൂട്ടി കമ്മീഷ്ണറുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളെ സംബന്ധിച്ച വിവരം ഇദ്ദേഹത്തിന് ലഭിക്കുന്നത്. ബാറുകളില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മാസപ്പടി പിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ബാറുകളില്‍ നിന്ന് പണം പിരിച്ച് നല്കാന് ഏല്‍പ്പിച്ചിരുന്നത് ഒരു ബാര്‍ മാനേജരെ ആണെന്നാണ് വിവരം. മിന്നല്‍ പരിശോധനയ്ക്കിടയില്‍ ചോദ്യം ചെയ്യുന്നതിനിടെ ബാര്‍ മാനേജരുടെ ഫോണിലേക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ കോള്‍ വരികയായിരുന്നു. കമ്മീഷണര്‍ ജില്ലയിലുണ്ടെന്നും ശ്രദ്ധിക്കണമെന്നും ഫോണ്‍ കോളിലൂടെ ഡെപ്യൂട്ടി കമ്മീഷ്ണര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. എസ്ക്സൈസ് കമ്മീഷണര്‍ ഈ സംഭാഷണമടക്കം റെക്കോര്‍ഡ് ചെയ്തെടുത്തിരുന്നു. മാനേജരുടെ മൊഴി രേഖപ്പെടുത്തി ഈ തെളിവുകളുമായാണ് അശോക് കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയതെന്നാണ് ഒടുവില്‍ പുറത്ത് വന്നിരിക്കുന്ന വിവരം.
അശോക് കുമാര്‍ എല്ലാ മാസവും കൈപ്പറ്റിയിരുന്നത് ലക്ഷങ്ങള്‍ ആണെന്നാണ് എക്സൈസ് കമ്മീഷ്ണറുടെ കണ്ടെത്തല്‍. പണം പിരിച്ചു നല്‍കിയിരുന്ന ബാര്‍ മാനേജരില്‍ നിന്ന് ഇടപാടിന്റെ തെളിവുകള്‍ ലഭിച്ചെന്നും വിവരമുണ്ട്. വലിയ തുകകളുടെ ഇടപാട് രേഖകളാണ് ഇവരുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. പണം കൂടാതെ മാസാമാസം മദ്യസല്‍ക്കാരവും നടന്നുവന്നിരുന്നു. ചങ്ങനാശേരി റേഞ്ചിലെ ചില ഉദ്യോഗസ്ഥര്‍ക്കും ഇടപാടില്‍ പങ്കുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാറുകളിലെ സിസിടിവിയില്‍ ഉദ്യോഗസ്ഥര്‍ മദ്യം വാങ്ങി മടങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
കോട്ടയം കൂടാതെ ആലപ്പുഴയിലും പണപ്പിരിവ് ഉണ്ടെന്നും കണ്ടെത്തലുണ്ട്. ആലപ്പുഴയിലും എക്സൈസ് ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നതായാണ് പരാതി. ബാറുടമകളില്‍ നിന്ന് പണവും മദ്യവും ഉദ്യോഗസ്ഥര്‍ വാങ്ങുന്നെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഇതിനോടകം വകുപ്പിന് ലഭിച്ചിട്ടുണ്ട്. പിന്നാലെ ആലപ്പുഴ ജില്ലയിലും കര്‍ശന പരിശോധനയ്ക്കാണ് എക്സൈസ് കമ്മീഷണറുടെ നീക്കം. കമ്മീഷണറുടെ ഇടപെടലുകള്‍ക്ക് മന്ത്രിയുടെ പിന്തുണ ഉണ്ടെന്നും പറയപ്പെടുന്നു.




